കൊല്ലം: സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറ്റം മറിച്ചുവയ്ക്കുന്നതിന് വേണ്ടി കൊല്ലം കോര്പ്പറേഷന് കൗണ്‍സില്‍ മിനിറ്റ്സ് തിരുത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. 1995ല്‍ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഷോപ്പിങ് കോംപ്ലക്സ് സമുച്ചയം സ്ഥാപിക്കുന്നതിനാണ് റെയില്‍വേ മന്ത്രാലയം ഭൂമി കൊല്ലം കോര്പ്പറേഷന് വിട്ട് നല്‍കിയത്. കേന്ദ്ര ആവിഷ്കൃത പദ്ധതി ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട വികസന പ്രവര്‍ത്തനം കോര്പ്പറേഷന് അധികാരികളുടെ നിരുത്തരവാദിത്വപരമായ നിലപാട് മൂലം നാളിതുവരെയായി നടന്നിട്ടില്ല.
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ വിവാദ ഭൂമി കയ്യേറ്റം മൂലം ഇപ്പോള്‍ അന്യായധീനപ്പെടുകയാണ് ഇതിന് അധികാരികളുടെ മൗന അനുവാദവുമുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ ഇടതുമുന്നണി നടത്തുന്ന അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. നേരത്തെ ഭൂമി വാങ്ങാല്‍ ഇടപാട്, എല്‍ ഇ ഡി ബള്‍ബ് സ്ഥാപിക്കല്‍ പദ്ധതി, ടൗണ്‍ഹാള്‍ നവീകരണം, അമൃതം പദ്ധതിലെ ക്രമക്കേട് എന്നിവയെ സംബന്ധിച്ച് വ്യാപകമായ അഴിമതി വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്.
കൊല്ലം പട്ടണത്തിന്റെ വികസനസ്വപ്നങ്ങള്‍ ഇല്ലാതാക്കി അഴിമതി മാത്രം നടത്തുന്ന ഇടതുഭരണത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയപ്രക്ഷേപണ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുന്നതാണ്. കൊല്ലം കോര്‍പ്പറേഷനില്‍ നാളിതുവരെ നടന്നിട്ടുള്ള എല്ലാ ഇടപെടുകളെയും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: