തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കൂടുതല്‍ കുരുക്കി സി-ആപ്ടിലെ ജീവനക്കാരുടെ മൊഴി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകള്‍ എടപ്പാളില്‍ എത്തിച്ചത് മന്ത്രി ജലീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജീവനക്കാര്‍. സി-ആപ്ടില്‍ നിന്നും ഒരുവാഹനം ബെംഗളൂരുവിലേക്ക് പോയെന്ന് കസ്റ്റംസിന് തെളിവ് ലഭിച്ചു. ബണ്ടിലുകളുടെ എണ്ണം സംബന്ധിച്ചുള്ള മൊഴികളിലെ വൈരുധ്യം കൂടുതല്‍ ദുരൂഹം.
സി-ആപ്ടിലെ പാക്കിങ് സെക്ഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടുവരെ നീണ്ടു. സി-ആപ്ടിന്റെ ലോഗ് ബുക്കില്‍ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി തെളിവുണ്ട്. ഇത് എന്തിന് പോയി എന്നതായിരുന്നു പ്രധാന ചോദ്യം. ഇതില്‍ കൃത്യമായ മറുപടി ജീവനക്കാരില്‍ നിന്നും ലഭിച്ചില്ല. രണ്ട് വാഹനങ്ങളിലായാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബണ്ടിലുകള്‍ എത്തിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു. നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു. ബണ്ടിലുകള്‍ എടപ്പാളില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതു സംബന്ധിച്ച് അറിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകളുടെ എണ്ണത്തെ കുറിച്ചുള്ള മൊഴികളില്‍ വൈരുധ്യമുണ്ടായി. 28 ബണ്ടിലാണ് എത്തിയതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 32 എന്നാണ് അടുത്ത ജീവനക്കാരന് പറഞ്ഞത്. നാലു ബണ്ടിലുകളുടെ വ്യത്യാസവും സംശയാസ്പദമാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ചില ബണ്ടിലുകളില്‍ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും ഉണ്ടായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപും എന്‍ഐഎയ്ക്കും കസ്റ്റംസിനും മൊഴിനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കസ്റ്റംസ് സി-ആപ്ടില്‍ പരിശോധന നടത്തി വാഹനങ്ങളുടെ ലോഗ്ബുക്ക് കസ്റ്റഡിയിലെടുത്തിരുന്നു. അച്ചടിസാമഗ്രികള്‍ കൊണ്ടുപോകുന്നതിന്റെ മറവിലാണ് കോണ്‍സുലേറ്റിന്റെ പാഴ്സല്‍ കൊണ്ടുപോയതെന്നും കണ്ടെത്തി. ഈ ലോഗ്ബുക്കിലാണ് ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: