മുംബൈ: പതിമൂന്നാമത് ഐപിഎല്ലില്‍ മത്സരിക്കുന്ന ടീമുകള്‍ ഈ മാസം 20നു ശേഷം യുഎഇയിലേക്ക് യാത്രതിരിക്കും. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് ഐപിഎല്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നടത്തുക.
ഫ്രാഞ്ചൈസികള്‍ യുഎഇ യാത്ര ഒരാഴ്ച വൈകിപ്പിക്കണമെന്ന് ഐപിഎല്‍ ഭരണസമിതി നിര്‍ദേശിച്ചു. യുഎഇയില്‍ കൊറോണ പ്രോട്ടക്കോളുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് സമയം ആവശ്യമായാതിനാലാണിത്. ഈ മാസം ഇരുപതിന് ശേഷം ടീമുകള്‍ക്ക് യുഎഇയിലേക്ക് യാത്രതിരിക്കാമെന്നും ഭരണസമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായിക മന്ത്രാലയം ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ അനുമതി നല്‍കിയത്. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. സാധാരണയായി മത്സരങ്ങള്‍ 49 ദിവസം കൊണ്ട് അവസാനിക്കും. എന്നാല്‍, ഇത്തവണ മത്സരങ്ങള്‍ 51 ദിവസം നീളും. 10 ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതമുണ്ടാകും. ആദ്യ മത്സരം ഇന്ത്യന്‍ സമയം 3.30നും രണ്ടാം മത്സരം രാത്രി 7.30നും ആരംഭിക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍. യുഎഇ സര്‍ക്കാര്‍ അനുമതി നല്കിയാല് കാണികളെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനമെടുക്കും. ഓരോ ടീമിലും ഇരുപത്തിനാലു പേരെ വീതമാണ് അനുവദിക്കുക. ഐപിഎല്ലിന്റെ മത്സരക്രമം ഈയാഴ്ച അവസാനം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: