പുരാവൃത്തവും കഥയും ധര്മാനുശാസനവും നീതി സംഹിതയും തത്വോപദേശവും രാമായണത്തെ ദിക്കാലാതിവര്ത്തിയാക്കുന്ന ഘടകങ്ങളാണ്. ആര്യന്മാര്, അനാര്യന്മാര്, വാനരര്‍, രാക്ഷസര്‍, അധഃകൃതര്‍, അധികൃതര്‍ എല്ലാവരും വംശവര്ണവ്യത്യാസമില്ലാതെ വാല്മീകി രാമായണത്തില്‍ കഴിയുന്നു. ഉത്കൃഷ്ടമായ രാജഭരണത്തിനും ഉത്തമമായ കുടുംബ ജീവിതത്തിനും വേണ്ട നല്ല പാഠങ്ങളെല്ലാം രാമായണത്തിലുണ്ട്.
രാജധര്‍മത്തെക്കുറിച്ച് സംസാരിക്കുന്നത് പ്രായേണ അപ്രധാനപാത്രങ്ങളാണ്. രാവണന്റെ രാജധാനിയില്‍ നിന്നു കൊണ്ട് ഒരു നല്ല രാജാവിനു വേണ്ട ഗുണഗണങ്ങള്‍ ശൂര്‍പ്പണഖ അക്കമിട്ടു നിരത്തുന്നത് ഇങ്ങനെ:
‘പ്രമത്തഃ കാമഭോഗേഷു
സൈ്വരവൃത്തോ നിരങ്കുശ
സമുത്പന്നം ഭയം ഘോരം
ബോധവ്യം നാളവബുധ്യസേ’
കാമസുഖങ്ങളില്‍ മുങ്ങിയവനായി തന്തോന്നിയായി ആരുമെതിരില്ലാത്തവനായി വര്‍ത്തിക്കുന്ന രാജാവ് അസഹ്യവും ആസന്നവുമായ ആപത്തിനെ അറിയില്ല. ഭരണാധികാരി പ്രമത്തനാവരുത്. ഭോഗിയാവരുത്. താന്തോന്നിയാവരുത്. പ്രതിപക്ഷ ബഹുമാനമുള്ളവനാവണം. രാവണന്റെ പതനത്തിനു കാരണം സൈ്വരവൃത്തിയും കാമപരതയുമാണല്ലോ? നാം ഒരു കാര്യം ഓര്‍മിക്കുക. കാമമേറിയാല് രാമന് പോകും. തൃഷ്ണകൂടിയാല് കൃഷ്ണനും.
കിഷ്കിന്ധാകാണ്ഡത്തില്‍ വാനരരാജാവായ ബാലി ശ്രീരാമനോട് രാജനീതിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ആസന്നമരണനായ ഒരു ഭരണാധിപന്റെ വാക്കുകളാണിവ. ശ്രദ്ധിക്കുക:
‘ദമഃ ശമഃ ക്ഷമാധര്മോ
ധൃതിഃ സത്യം പരാക്രമഃ
പാര്‍ഥിവാനാം ഗുണാഃ രാജന്
ദണ്ഡശ്ചാപ്യപകാരിഷു’
പാപബുദ്ധിയില്ലാതിരിക്കുക. ഇന്ദ്രിയങ്ങളെ ഒതുക്കുക. ക്ഷമ, ധര്‍മം, പൗരുഷം, സത്യം, ശൗര്യം, അപകാരികളില് മാത്രം ദണ്ഡനം എന്നിവയാകുന്നു രാജാക്കന്മാര്ക്കു വേണ്ട ഗുണങ്ങള്‍.
വാല്മീകി പല സന്ദര്‍ഭങ്ങളിലും രാജനീതിയെക്കുറച്ച് സംസാരിക്കുന്നുണ്ട്. ഇതിഹാസ കവിയുടെ രാഷ്ട്രബോധമാണിത് സൃഷ്ടീകരിക്കുന്നത്. ലങ്കയില്‍ ഹനുമാനെ ഇന്ദ്രജിത് കെട്ടിയിടുന്നു. വിഭീഷണന് രാവണനോട് രാജനീതി എന്തെന്ന് വ്യക്തമാക്കുന്നു.
‘വധം ന കുര്‍വന്തി പരാപരജ്ഞാ
ദൂതസ്യസന്തോ വസുധാധിപേന്ദ്രാ’
എവിടെയും എല്ലാക്കാലത്തും ദൂതന്മാര് വധാര്ഹന്മാരല്ല. മിതവും സാരവുമായാണ് വിഭീഷണന് സംസാരിക്കുന്നത്. ഹനുമാനിപ്പോള് രാമദൂതനാണല്ലൊ. ഉറക്കം തുടങ്ങിയിട്ട് ഒമ്പതു ദിവസം മാത്രമായ കുംഭകര്‍ണനെ രാവണന് വിളിച്ചുണര്‍ത്തുന്നു. ആസന്നമായ യുദ്ധത്തെക്കുറിച്ച് സൂചിപ്പിക്കവേ രാവണന്റെ മുഖത്തു നോക്കി രണ്ടു വാക്ക്:
‘ത്രയാണാം പഞ്ചധാ യോഗം
കര്മാണാം യഃ പ്രപശ്യതി
സചിവൈഃ സമയം കൃത്വാ
സ സഭ്യേ വര്‍ത്തതേ പഥി’
യുദ്ധസന്നാഹങ്ങളാണ് കുംഭകര്ണന് വിവരിക്കുന്നത്. ഭരണകര്‍ത്താക്കള്‍ മൂന്നു വിധം: ഉത്തമന് (ഹിതേച്ഛു, കുശലമതി), മധ്യമന്‍ (ആരെയും കൂട്ടാതെ ഒറ്റയ്ക്കു ചെയ്യുന്നവന്), അധമന് (ഗുണദോഷ ചിന്തയില്ലാതെ എല്ലാം സ്വയം ചെയ്യുന്നവന്). യുദ്ധതന്ത്രം മൂന്ന്. ഉത്തമം യാനം, മധ്യമം സന്ധി, അധമം സമാശ്രയം. പഞ്ചധായോഗമിങ്ങനെ: ആരംഭോപായം, പുരുഷദ്രവ്യ സമ്പത്ത്, ദേശവിഭാഗം, കാലവിഭാഗം, വിനിപാത പ്രതികാരം. വിശ്വസ്തന്മാര്, വിജ്ഞന്മാര്, മന്ത്രിമാര്‍ ഇവരുമായി കൂടിയാലോചിക്കണം. ഒരവതാര പുരുഷന്റെ വീരശൂര പരാക്രമങ്ങള്‍ പദാല്‍പ്പദം വര്‍ണിക്കുന്ന ഗ്രന്ഥമാണ് രാമായണം എന്നു ധരിക്കരുത്. വാല്മീകിക്ക് രാമന് ഒരു മാതൃകാമനുഷ്യനാണ്. ധര്‍മം ഉടല്‍പൂണ്ട വിഗ്രഹമാണ് ശ്രീരാമന്. പ്രജാവല്‍സലനും പ്രതാപശാലിയുമായ രാഷ്ട്രബോധമുള്ള ഉത്തമ ഭരണാധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: