തിരുവല്ല: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്ന മൗനത്തില്‍ ദുരൂഹത. അന്യാധീനപ്പെട്ട ദേവസ്വം ഭൂമികളില്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയും ഉള്‍പ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ഭരണാധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സിവില്‍ കോടതിയില്‍ നടക്കുന്ന കേസില്‍ ബോര്‍ഡ് ഇതുവരെ കക്ഷി ചേര്‍ന്നിട്ടില്ല. അതേസമയം, ബോര്‍ഡിന് ഇനിയും എപ്പോള്‍ വേണമെങ്കിലും കക്ഷി ചേരാം. പക്ഷെ ഇതില്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പലതും നഷ്ടപ്പെട്ടതായാണ് വിവരം. ചെറുവള്ളി എസ്റ്റേറ്റ് ബിലിവിഴേ്സ് ചര്‍ച്ചിന് ഹാരിസണ്‍ കൈമാറിയ വര്‍ഷം തന്നെയാണ് എരുമേലി പശ്ചിമ ദേവസ്വത്തിന്റെ ചെറുവള്ളിയിലെ ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്ററും കാണാതായത്. അത് ഇതുവരെ കണ്ടെത്താത്തത് നിരവധി സംശയങ്ങളുയര്‍ത്തുന്നു.
എസ്റ്റേറ്റിന്റെ ഉടമാസ്ഥാവകാശം സംബന്ധിച്ച കേസില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചടത്തോളം ഈ രേഖ നിര്‍ണായകം. 2005 വരെ എരുമേലി ദേവസ്വത്തില്‍ ലാന്‍ഡ് രജിസ്റ്റര്‍ ഉണ്ടായിരുന്നതായാണ് അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പറയുന്നത്. ബോര്‍ഡിന്റെ അന്നത്തെ ലോ ഓഫീസറുടെ നിര്‍ദേശ പ്രകാരം ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിനായാണ് ലാന്‍ഡ് രജിസ്റ്റര്‍ കൈപ്പറ്റിയത്. അന്നത്തെ ലോ ഓഫീസര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ പ്രധാനിയാണ്.
രജിസ്റ്റര്‍ കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന രേഖ ഇപ്പോഴും ദേവസ്വത്തിലുണ്ടെന്ന് അന്നത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു. പശ്ചിമ ദേവസ്വത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുണ്ടക്കയത്ത് നിന്ന് ഈ രജിസ്റ്റര്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം അധികാരികള്‍ ഈ രേഖ എരുമേലിയിലെത്തി കൈപ്പറ്റി. എന്നാല്‍, ലാന്‍ഡ് രജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉണ്ടോ ഇല്ലയോ എന്നതില്‍ ഇപ്പോഴും സംശയമുണ്ട്. ചെറുവള്ളി എസ്റ്റേറ്റില്‍ 100 ഏക്കര്‍ ഭൂമിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു. ഇത്തിരിച്ച് പിടിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. എന്നാല്‍, തുടര്‍ന്ന് വന്ന ബോര്‍ഡ് ഭരണാധികാരികള്‍ അന്യാധീനപ്പെട്ട ഭൂമിക്കായി ചെറുവിരല്‍ അനക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: