വടകര: തപാല്‍ ഓഫീസുകളില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍ ആരംഭിക്കുന്നു. വിവിധ തരത്തിലുള്ള 72 ഓളം പുതിയ സേവനങ്ങളാണ് കോമണ്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നതോടെ ലഭ്യമാക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, പാചക വാതക സിലിണ്ടര്‍ ബുക്കിംഗ്, പാസ്പോര്‍ട്ട് പുതുക്കല്‍, ഫാസ്റ്റ് ടാഗ് എടുക്കല്‍ തുടങ്ങിയവ കൂടാതെ മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജ്ജിംഗ് സൗകര്യങ്ങളും ഉണ്ടാകും.
സര്‍ക്കാര്‍ നികുതികള്‍ അടക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ പോസ്റ്റല്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുടെയും നികുതികള്‍ അടയ്ക്കാനും സൗകര്യമൊരുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴത്തുക, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലിഫോണ്‍ ബില്‍ എന്നിവ അടയ്ക്കാനും സൗകര്യമുണ്ടാകും.
വടകര പോസ്റ്റല്‍ ഡിവിഷനില്‍ വടകര, കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനങ്ങള്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് ആദ്യ വാരം മുതല്‍ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. നിലവില്‍ ആധാര്‍ സേവനങ്ങള്‍ എല്ലാ പ്രധാന പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. ഇത്തരം സേവനങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വടകര ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: