ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.8 കോടി കവിഞ്ഞു. ജൂലൈ മൂന്ന് മുതല്‍ ഓരോ ദിവസവും രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.55 ലക്ഷം പേര്‍ക്ക് കൊറോണ കണ്ടെത്തി. എന്നാല്‍, മുന്‍ ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തിനടുത്തെത്തിയ പ്രതിദിന വൈറസ് വ്യാപന നിരക്കില്‍ നേരിയ കുറവുണ്ടായി. യുഎസിലും ബ്രസീലിലും വൈറസ് വ്യാപനം കുറഞ്ഞതാണ് ആഗോള പ്രതിദിന കണക്കുകളിലും പ്രതിഫലിച്ചത്.
ഇന്നലെ 5601 പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6.88 ലക്ഷമായി. 1.13 കോടി പേര് ഇതിനകം രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളത് 59.9 ലക്ഷം പേര്. 65,698 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍. യുഎസില്‍ 58,429 പേര്‍ക്കാണ് ശനിയാഴ്ച മാത്രം രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികള്‍ 47.64 ലക്ഷമായി. 1123 പേര് കൂടി മരിച്ചതോടെ ആകെ മരണം 1.57 ലക്ഷമായി. 23 ലക്ഷം രോഗമുക്തര്‍. ബ്രസീലില്‍ പുതുതായി 42,578 പേര്‍ക്ക് കൂടി കൊറോണ ബാധ. 27 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 1048 പേര് കൂടി മരിച്ചതോടെ ബ്രസീലിലെ ആകെ മരണം 93616 ആയി. 18.8 ലക്ഷം പേര് രോഗമുക്തി നേടിയെങ്കിലും 7.3 ലക്ഷം പേര് ഇപ്പോഴും ചികിത്സയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: