വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്ത് പുങ്ങംചാലില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. ഭരണകക്ഷി നേതാവിന്റെ തയ്യല്‍ കടതുറന്നാല്‍ മാത്രമേ ലൈറ്റ് പ്രകാശിപ്പിക്കുന്നുള്ളുവെ എന്നാണ് ആക്ഷേപം. വൈദ്യുതി വിതരണം അല്ലാതെ ലൈറ്റ് പ്രവര്‍ത്തിക്കുന്നതില്‍ ഇടപെടാനാവില്ലെന്നാണ് ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനിയറുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് എം രജഗോപാലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് പുങ്ങംചാല്‍ പാലത്തിനു സമീപം ചീര്‍ക്കയം റോഡില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ ടൈമര്‍ സംവിധാനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റ് കുറേ ദിവസങ്ങളിലായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലൈറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ടൈമര്‍ സംവിധാനം തകരാറിലായതിനാലാണ് ഹൈമാസ് ലൈറ്റിന്റെ പരസഹായം കൂടാതെയുള്ള പ്രവര്‍ത്തനത്തിന് തടസ്സമായത്.
ടൈമറിന്റെ തകരാര്‍ പരിഹരിക്കാന്‍ മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളുമുണ്ടായിട്ടില്ല. വൈദ്യുതി വിതരണ കാര്യത്തില്‍ അല്ലാതെ ലൈറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിധ ഇടപെടലുകളും നടത്താന്‍ ആവില്ലെന്നും കഴിഞ്ഞ ദിവസം മീറ്റര്‍ റീഡിംഗ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പാനല്‍ ബോര്‍ഡിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ റീഡിംഗ് എടുക്കുവാന്‍ സാധിച്ചില്ലെന്നും ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനിയര്‍ പറയുന്നു. പൂര്‍ണ്ണമായും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ലൈറ്റ് സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഭരണ കക്ഷി പാര്‍ട്ടിയിലെ നേതാവിന്റെ തയ്യല്‍ കട തുറക്കുന്നതിനെ ആശ്രയിച്ചാണ്.
ടൈമര്‍ സംവിധാനം കേടായ സാഹചര്യത്തില്‍ മാനുവല്‍ നിലയില്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ലൈറ്റിന്റെ പാനല്‍ ബോര്‍ഡ് തുറക്കാനുള്ള താക്കോല്‍ ഈ നേതാവിന്റെ കടയിലാണ് സൂക്ഷിക്കുന്നത്. പുങ്ങംചാലില്‍ ലൈറ്റ് സ്ഥാപിച്ചത് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തായതിനാല്‍ ഇതിന്റെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണ് എന്ന അവകാശവാദം സിപിഎം ഉന്നയിക്കുന്നുവെന്നും അതിനാലാണ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ ഭരണ കക്ഷി നേതാവിന്റെ കടയില്‍ സൂക്ഷിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ലൈറ്റിന്റെ ടൈമര്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കേടായത് നിലവാരം കുറഞ്ഞ ലൈറ്റ് സംവിധാനം ആയതിനാലാണെന്നും ഈ ഇനത്തില്‍ വ്യാപകമായ അഴിമതി പഞ്ചായത്തില്‍ നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. എം.രാജഗോപാലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് 2018 നവംബര്‍ മൂന്നിനാണ് പ്രകാശിച്ചു തുടങ്ങിയത്. ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജനായിരുന്നു അന്ന് നിര്‍വ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: