കൊച്ചി : കണ്ടൈന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച്് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത് മൂലം മൂന്ന് വയസ്സുകാരന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകന്റെ മരണത്തിനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന്ത്.
ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മരണത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കുട്ടിയുടെ മൃതദേഹം വിട്ടു നല്‍കൂ. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിഷയത്തില്‍ എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതിനിടെ നെഗറ്റീവാണെന്ന് തെളിയിക്കുന്ന കുട്ടിയുടെ ആന്റിജന്‍ പരിശോധനാഫലം പുറത്തുവന്നു. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കും മറ്റുമുള്ള ചെലവുകള്‍ വഹിക്കുന്നതായി വി.കെ. ഇബ്രാഹിം കുട്ടി എംഎല്‍എയും അറിയിച്ചു. മൂന്ന് വയസുകാരനായ കുഞ്ഞ് ശനിയാഴ്ചയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്കാന് അധികൃതര്‍ തയ്യാറായില്ല എന്നും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ പീഡിയാട്രിക് സര്ജന് ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്നാണ് മൂന്ന് ആശുപത്രികളിലെയും അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: