സിപിഐയിലെ എം.എ. ബേബിയാണ് ബിനോയ് വിശ്വം. എപ്പോള്‍ എന്ത് പറയുമെന്നോ എങ്ങനെ പറയുമെന്നോ ഒരു തിട്ടവുമില്ല. സാധാരണ സാഹചര്യത്തിലും അസാധാരണമാം വിധം പെരുമാറുന്നതില്‍ ബേബിക്കും ബിനോയിക്കുമുള്ള സാമര്‍ത്ഥ്യം കണ്ട് മലയാളികള്‍ മുമ്പും മൂക്കത്ത് വിരല്‍വച്ചു പോയിട്ടുണ്ട്.
ആഗസ്റ്റ് 5ന് അയോധ്യയില്‍ ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ച് നടക്കുന്ന ഭൂമിപൂജ ദൂരദര്‍ശനില്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണ് ബിനോയ് സഖാവിനെ ഒടുവില്‍ വിറളി പിടിപ്പിച്ച സംഭവം. തത്സമയ സംപ്രേഷണം പാടില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തും അയച്ചു. മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയുള്ള നാലാംകിട കമ്മ്യൂണിസ്റ്റുകാരന്റെ തറവേല എന്നാണ് ബിനോയ് വിശ്വത്തിന്റെ കത്തിടപാടിനെക്കുറിച്ച് പരക്കെ കേള്‍ക്കുന്ന അപവാദം.
അയോധ്യക്ക് മുമ്പ് ബിനോയിയെ ആകുലപ്പെടുത്തിയത് ആമസോണ്‍ വനത്തിലെ കാട്ടുതീയായിരുന്നു. അന്ന് ഊണും ഉറക്കവും വരെ നഷ്ടപ്പെട്ടു. ആമസോണ്‍ വനങ്ങള്‍ക്ക് തീയിട്ടിട്ടാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ മെസിയാസ് ബോള്‍സൊനാരോ ഇന്ത്യയിലേക്ക് വരുന്നതെന്നും പറഞ്ഞ് കട്ടക്കലിപ്പിലായിരുന്നു റിപ്പബ്ലിക്ക് ദിനാഘോഷവേളയില്‍ ബഹുമാനപ്പെട്ട രാജ്യസഭാംഗം. ബോള്‍സൊനാരോയും ബിനോയിയും ഒരു വേദിയില്‍ വേണ്ടെന്നാണ് അന്ന് സഖാവ് കടുത്ത തീരുമാനമെടുത്തത്. ബോള്‍സൊനാരോ ഉണ്ടെങ്കില്‍ താന്‍ റിപ്പബ്ലിക് ദിനാഘോഷംതന്നെ ബഹിഷ്കരിച്ചുകളയുമെന്ന് പ്രഖ്യാപിച്ചു. തനിക്കുണ്ടായ വേദന വിവരിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തുമെഴുതി. ബിനോയ് വിശ്വത്തിന്റെ റേഞ്ച് ഹൈറേഞ്ചാണെന്ന് ബോധ്യപ്പെടുത്താന്‍ ഇതിനുമപ്പുറം എന്തുവേണം!
മുസ്ലിം ജനസാമാന്യത്തിന് പണ്ടേ താല്‍പ്പര്യമില്ലാത്ത ഒരു വിഷയമാണ് അയോധ്യ. എന്നിട്ടും ബിനോയ് പറയുന്നത് പേര് കേട്ട മതേതരത്വത്തിന് വല്ലാതെ ഇടിച്ചിലും ഉലച്ചിലും തട്ടിക്കുന്ന ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ്. ബിനോയ് പറയുമ്പോഴാണ് കൊടികെട്ടിയ മുസ്ലിം തീവ്രവാദഗ്രൂപ്പുകള്‍ പോലും ഇക്കാര്യം ശ്രദ്ധിക്കുന്നത്. മതേതരത്വത്തിന്റെ കാര്യത്തില്‍ ബിനോയിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള ശുഷ്കാന്തി അത്രയ്ക്ക് വലുതാണ്.
ഇന്ത്യാമഹാരാജ്യത്ത് 1976ല്‍ പിറന്നതും 1992ല്‍ വീരചരമം പ്രാപിച്ചതുമായ ഒരിനമാണ് മേല്‍പ്പറഞ്ഞ മതേതരത്വം. രാഹുല്‍ജിയുടെ അമ്മൂമ്മ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇത് നമ്മുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. അത്രയും കാലം മതേതരത്വമെന്തെന്ന് അറിയാത്തതുകാരണം ഇന്ത്യാരാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരും ആകുലരുമായിരുന്നു. പേരുകേട്ട ഭരണഘടനാനിര്‍മ്മാതാക്കള്‍ക്കും പണ്ഡിതര്‍ക്കും നേതാക്കന്മാര്‍ക്കുമൊന്നും ഈ വഴിക്ക് ചിന്ത പോയതേയില്ല. മതേതരത്വമില്ലാതെ വട്ടംകറങ്ങിയ നാട്ടുകാര്‍ക്ക് മനസ്സമാധാനം ലഭിച്ചത് ഇന്ദിരയുടെ ഭരണകാലത്താണ്. അന്നേ അത് അയോധ്യയിലെ ബാബറിക്കെട്ടിടത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു എന്നാണ് ബിനോയിയും പാര്‍ട്ടിയും പിന്നീട് പാടിനടന്നത്. 1992ല്‍ കെട്ടിടം പൊളിഞ്ഞുവീണപ്പോള്‍ അതുവരെ ഭദ്രമായിരുന്ന മതേതരത്വം തകര്‍ന്നു. പതിനാറ് കൊല്ലത്തെ ആയുസ്. അതോടെ ബിനോയിക്കും കൂട്ടര്‍ക്കും മനസ്സമാധാനം പോയി.
കെട്ടിടം തകര്‍ത്തവരാണ് മതേതരത്വം തകര്‍ത്തതെന്ന് ബിനോയിയും പാര്‍ട്ടിക്കാരും നിലവിളിച്ചു. പിന്നീട് നടന്ന ഭീകരാക്രമണങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ കെട്ടിടം തകര്‍ത്തവരാണെന്ന് ലേഖനം ചമച്ചു. രാജ്യത്ത് മറ്റൊരിടത്തും ഇടമില്ലെങ്കിലും കേരളത്തില്‍ പറ്റാവുന്ന മൂലയ്ക്കൊക്കെ നാലുകാലില്‍ സ്റ്റേജ് കെട്ടി പ്രസംഗിച്ചു. മതേതരത്വം തകര്‍ത്തവരെ നേരിടാന്‍ മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും പാലും തേനും കൊടുത്ത് വളര്‍ത്തി. അവരുടെ പന്തലുകളില്‍ പോയി മതേതരസുവിശേഷം പാടി. അവര്‍ക്ക് വേണ്ടി ബിരിയാണി വിളമ്പി. മുദ്രാവാക്യം വിളിച്ചു. ഉപവാസം കിടന്നു.
അയോധ്യയിലെ കെട്ടിടം തകര്‍ന്നപ്പോള്‍ ചിതറിത്തെറിച്ച മതേതരത്വമെല്ലാം കൂടി കേരളത്തിലെ ചെങ്കൊടിക്ക് കീഴിലാണ് അഭയം കണ്ടത്. അത് പാനായിക്കുളമായും വാഗമണായും കനകമലയായുമൊക്കെ കൊഴുത്ത് വളര്‍ന്ന് ഇപ്പോള്‍ ക്ലിഫ് ഹൗസും സെക്രട്ടേറിയറ്റും വരെ ഉണ്ടുറങ്ങി സ്വപ്നവും കണ്ട് കഴിഞ്ഞുകൂടുന്നു എന്നാണ് അസൂയക്കാര് ആരോപിക്കുന്നത്. അങ്ങനെ പിന്നേം കനപ്പിച്ചെടുത്ത മതേതരത്വത്തെ ഇല്ലാതാക്കാനാണ് 370-ാം വകുപ്പ്, സിഎഎ തുടങ്ങിയ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നാണ് ബിനോയിയുടെ കണ്ടെത്തല്‍. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
പപ്പും പൂടയും കൊഴിഞ്ഞ് പപ്പുമോന് വരെ വയനാടന്‍ കാട് കയറിയ കാലമാണ്. ആകെയുള്ള തുരുത്ത് പോയാല്‍ പിന്നെ രക്ഷയില്ല. ഇപ്പോള്‍ രാജ്യസഭയില്‍ ഒരു കസേരയുണ്ട്. അതും കയ്യാലപ്പുറത്താണ്. വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ മതേതരത്വം തകര്‍ന്നുതരിപ്പണമായ സ്ഥിതിക്ക് അതിനെ സംരക്ഷിച്ചില്ലെങ്കില്‍ ബിനോയിക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല.
സുപ്രീംകോടതി തീരുമാനമൊന്നും ബിനോയ് വിശ്വത്തിന് ബാധകമല്ല. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരര്‍ ശ്രീരാമക്ഷേത്രത്തിന് പിന്തുണ നല്കുന്നു. തെറ്റിദ്ധാരണകള്‍ അകവും പുറവും നീങ്ങി രാജ്യം നെടുനാളത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടു. ചോര കുടിക്കാന്‍ നിന്ന ചെന്നായ്ക്കൂട്ടം പോലും പിന്മടങ്ങി. എന്നിട്ടും സഖാക്കള്‍ക്കാണ് ചൊരുക്ക്. രാമായണം സീരിയല്‍ മുതല്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ വരെ വിവാദമാക്കി മുതലെടുക്കാനുള്ള കൊതുകിന്റെ കുബുദ്ധിയാണ് ബിനോയിക്കും കൂട്ടര്‍ക്കും. അതിന്റെ ഭാഗമാണ് കത്തെഴുത്ത്. കത്തെഴുതിയത് എന്ത് കാര്യത്തിന് എന്ന് ചോദിച്ചാല്‍ പാഷാണം ഷാജി പറയുന്ന ഒരുത്തരമുണ്ട്, ”ഒരു സുഖം, ഒരു മനസ്സുഖം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: