അടച്ചിരിക്കാനകമില്ലാത്തവര്
അകന്നിരിക്കാനാളില്ലാത്തവര്
അന്നമൊരുക്കാന്‍ ഗതിയില്ലാത്തവര്‍
അലമുറകൂട്ടാനറിവില്ലാത്തവര്
അവരെ മനസ്സാലണച്ചു നിര്‍ത്താം
അകലം പാലിക്കാം
അഹന്തകെട്ടിയുയര്ത്തിയ കോട്ടകള്‍ നിലത്തുവീഴട്ടെ
മഹാനുകമ്പയില് മന്നിന് നോവുകളകന്നുപോകട്ടെ
ഒരുവനുമവനിയിലധികനാശയിലമരുകചിതമല്ല
അപരനുമുതകിമാനവജീവിതമരോഗമാകട്ടെ
തനിക്കുമാത്രം നിറച്ചാണീ പാരിടമെന്നല്ലോ
ധരിച്ചുപോയവര്‍ മൂഢാത്മാക്കള്‍ മനുഷ്യകീടങ്ങള്‍!
പിടിച്ചടക്കിയതെല്ലാം മണ്ണില്‍ തകര്‍ന്നു വീഴുമ്പോള്‍
പിടിച്ചുനില്ക്കാനാവതടിയും നിരര്ത്ഥജന്മങ്ങള്
മൂടിയമിഴികള് തുറന്നു മനുഷ്യാ, വിശ്വം കാണുക നീ
കൂടെ വസിക്കുന്നവരെയുമോര്ത്താകരളുതുടിക്കട്ടെ…
പുലരിപ്പുതുവെയിലലകളില് മുങ്ങി കലികകളുണരുന്നു
പുതുജീവിതപരിമളവും കൊണ്ടേ മാരുതനണയുന്നു
പക്ഷിമൃഗാദികള്‍, വൃക്ഷ, ലതകളും ശുദ്ധതനുകരുന്നു
രക്തസിരകള്പോലൊഴുകും തടിനികള്‍ തെളിനീരണിയുന്നു
ചുടുവീര്പ്പുയരും കെടുകാലത്തിന്‍ തടവറയില്‍നിന്നും
വിടുതല്‍ നേടി വരുന്നു വസുന്ധര പുതിയ കുളിര് ചൂടാന്‍
രാജ്മോഹന്‍ കൂവളശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: