ഇരുപത് വയസുവരെ ഞാന്‍ വളര്‍ന്നത് കറാച്ചിയിലാണ്. മാതൃഭാഷയായ ഹിന്ദിയും പഠനഭാഷയായ ഇംഗ്ലീഷും മാത്രമായിരുന്നു അക്കാലത്ത് ഞാന്‍ സംസാരിച്ചത്.
സിനിമയോടുള്ള ഭ്രമംകൊണ്ട് എനിക്ക് കുറച്ചൊക്കെ ഹിന്ദി മനസ്സിലാവുകയും, മുറിഹിന്ദിയില്‍ സംസാരിക്കാനുംകഴിഞ്ഞു. എന്നാല്‍ ഹിന്ദി എഴുതാനോ വായിക്കാനോ ആവുമായിരുന്നില്ല. വിഭജനം നടന്ന് ഒരു മാസത്തിനുശേഷം 1947 സെപ്തംബറില്‍ ഞാന്‍ ഭാരതത്തിലെത്തി. തുടര്‍ന്നുള്ള ഒരു പതിറ്റാണ്ട്, 1947 മുതല്‍ 1957 വരെ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു.
ഇക്കാലമത്രയും ദേവനാഗരി ലിപിയെക്കുറിച്ച് പൂര്‍ണമായി അജ്ഞനായിരുന്നത് എന്റെ മനസ്സിനെ ദുഃഖഭരിതമാക്കി. ദേവനാഗരി അക്ഷരമാലയുമായി പരിചയപ്പെടാന്‍ ഞാന്‍ വളരെയധികം സമയം ചെലവഴിച്ചു. കഴിയാവുന്നത്ര ഹിന്ദി പുസ്തകങ്ങള്‍ വായിച്ചു.ഈ കാലയളവിലാണ് ഗുജറാത്തിനെക്കുറിച്ച് കെ.എം. മുന്‍ഷി എഴുതിയ ഏതാണ്ടെല്ലാ ചരിത്രാഖ്യായികളും ഞാന്‍ വായിച്ചുതീര്‍ത്തത്. ഫ്രഞ്ച് എഴുത്തുകാരന് അലക്സാണ്ടര്‍ ഡൂമാസിന്റെ ത്രീ മസ്കിറ്റേഴ്സ്, ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, ബ്ലാക് തുലിപ് മുതലായ കഥകള്‍ മുന്‍പ് വളരെയധികം വായിച്ചിരുന്നതിനാല്‍ മുന്‍ഷിയുടെ രചനാരീതിയിലെ ഡൂമാസിന്റെ സ്വാധീനം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി മുന്‍ഷിയുടെ രചനകള്‍ വായിക്കാനിടയായപ്പോഴാണ് പില്ക്കാലത്തെ എന്റെ രാഷ്ട്രീയ ജീവിതത്തെപ്പോലും സ്വാധീനിച്ച ‘ജയ സോമനാഥ്’ എന്ന ഗ്രന്ഥവുമായി പരിചയപ്പെട്ടത്. സോമനാഥ് ക്ഷേത്രത്തിലേക്കുള്ള കടന്നുകയറ്റത്തിന്റേയും അതിന്റെ നശീകരണത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ സാങ്കല്പിക കഥയായിരുന്നു ജയ സോമനാഥ്. സ്വതന്ത്ര ഭാരതം സാക്ഷ്യംവഹിച്ച സംഭവവികാസങ്ങളായതിനാല് ഇതിന്റെ വായന, സോമനാഥിന്റെ കഥ എന്നില്‍ താല്പര്യം ജനിപ്പിച്ചു.
വിവേകാനന്ദ സാഹിത്യ സര്വ്വസ്വത്തില്നിന്ന് തെരഞ്ഞെടുത്ത് ‘ഭാരതത്തിന്റെ ഭാവി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സ്വാമികള്‍ പറയുന്നു: ”വൈദേശിക ആക്രമണകാരികള്‍ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം തകര്‍ത്തിട്ടും അവയുടെ കുംഭഗോപുരങ്ങള്‍ വീണ്ടുമുയര്‍ന്നു. ദക്ഷിണേന്ത്യയിലെ ചില പുരാതന ക്ഷേത്രങ്ങളും ഗുജറാത്തിലെ സോനാഥ ക്ഷേത്രവും മഹത്തായ അറിവും, മറ്റേത് പുസ്തകത്തില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഹിന്ദുജനതയുടെ ചരിത്രത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും നിങ്ങള്‍ക്ക് പകര്ന്നുനല്കും. നൂറുകണക്കിന് ആക്രമണങ്ങളുടെയും അതുപോലെതന്നെ പുനര്‍ജനനത്തിന്റെയും അടയാളങ്ങള്‍ വഹിക്കുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. തുടര്‍ച്ചയായി തകര്‍ക്കപ്പെട്ടിട്ടും നഷ്ടാവശിഷ്ടങ്ങളില്‍നിന്ന് കൂടുതല്‍ കരുത്തോടെ പുനരുദ്ധരിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍! അതാണ് ദേശീയ മനസ്സ്, ദേശീയ ജീവിതത്തിന്റെ അന്തര്‍ധാര. ഇതില്‍ പങ്കുചേര്‍ന്ന് മഹത്വമാര്ജിക്കൂ.”
ഇതുകൊണ്ടുതന്നെ ഇന്ത്യ 1947 ല്‍ സ്വതന്ത്രമായപ്പോള്‍ അര്‍ത്ഥമാക്കേണ്ടത് ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല. അടിച്ചമര്‍ത്തലുകളും ക്ഷേത്രധ്വംസനങ്ങളും വിഗ്രഹ ഭഞ്ജനങ്ങളും നമ്മുടെ പവിത്രമായ സാംസ്കാരിക പാരമ്പര്യങ്ങളുടെ നഷ്ടവുമൊക്കെ നിറഞ്ഞ പൂര്‍വകാല ബ്രിട്ടീഷ് ചരിത്രത്തില്‍നിന്നുള്ള വിഛേദവുമാണ് അതെന്ന് വളരെയധികം ഹിന്ദുക്കള്‍ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.
ഇത്തരമൊരു കാഴ്ചയാണ് സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സൗരാഷ്ട്ര മേഖല ഉള്‍പ്പെടുന്ന നാട്ടുരാജ്യമായ ജുനഗഢ് ഒരുക്കിയത്. ജുനഗഢിലെ ജനസംഖ്യ 80 ശതമാനത്തിലേറെ ഹിന്ദുക്കളായിരുന്നെങ്കിലും അവിടുത്തെ ഭരണാധികാരിയായ നവാബ് ഒരു മുസ്ലീമായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ സന്ദര്‍ഭത്തില്‍ തന്റെ രാജ്യം പാക്കിസ്ഥാനോട് ചേരുകയാണെന്ന് നവാബ് പ്രഖ്യാപിച്ചു. ഇതില്‍ രോഷാകുലരായ ഹിന്ദുക്കള്‍ നവാബിനെതിരെ കലാപത്തിനിറങ്ങുകയും, പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സമള്ദാസ് ഗാന്ധിയുടെ നേതൃത്വത്തില്‍ സമാന്തര ഭരണം സ്ഥാപിക്കുകയും ചെയ്തു. ജനങ്ങളാല്‍ വെറുക്കപ്പെട്ട പരിത്യക്തനും സുഖലോലുപനുമായ നവാബ് പാക്കിസ്ഥാന്റെ സഹായം തേടി. എന്നാല്‍ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ട നവാബ് ഒരു രാത്രി പാക്കിസ്ഥാനിലേക്ക് ഓടിപ്പോയി.
ജുനഗഢ് ഏറ്റെടുക്കുകയാണെന്ന് 1949 നവംബര്‍ ഒമ്പതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സൗരാഷ്ട്ര സന്ദര്‍ശിച്ചു. നെഹ്റു മന്ത്രിസഭയിലെ പൊതുമരാമത്തിന്റെയും അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന്റെയും ചുമതലയുണ്ടായിരുന്ന മന്ത്രി വി.എന്‍. ഗാഡ്ഗില്‍ സര്‍ദാര്‍ പട്ടേലിനെ അനുഗമിച്ചു. ജുനഗഢിലെ ജനങ്ങള്‍ ഇരുവരെയും ഉജ്വലമായി സ്വീകരിച്ചു. അനുമോദനയോഗത്തില്‍ പ്രസംഗിച്ച പട്ടേല്‍ ”പൂര്‍വകാലത്ത് നിലനിന്നിരുന്ന സ്ഥലത്തുതന്നെ സോമനാഥക്ഷേത്രം പുനര്‍നിര്‍മിക്കുമെന്നും, ജ്യോതിര്‍ലിംഗം പുനഃപ്രതിഷ്ഠിക്കുമെന്നും” പ്രഖ്യാപിച്ചു.
ജുനഗഢില്നിന്ന് സര്‍ദാര്‍ പട്ടേല്‍ തിരിച്ചെത്തി അധികം വൈകാതെ മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നെഹ്റു പട്ടേലിന്റെ പ്രഖ്യാപനത്തെ ഔദേ്യാഗികമായി അംഗീകരിച്ചു. അന്ന് വൈകിട്ടുതന്നെ പട്ടേലും മുന്‍ഷിയും ഗാന്ധിജിയെ സന്ദര്‍ശിച്ചു. ക്ഷേത്രം പുനര്‍നിര്‍മിക്കാനുള്ള നീക്കത്തെ അദ്ദേഹം ആശീര്‍വദിച്ചു. അതേസമയം, നിര്‍മാണച്ചെലവ് സര്‍ക്കാര്‍ വഹിക്കരുതെന്നും, ജനങ്ങളില്‍നിന്ന് സമാഹരിക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഇതിനാലാണ് സോമനാഥ ട്രസ്റ്റ് രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്.
സോമനാഥക്ഷേത്ര നിര്‍മാണത്തിനുള്ള ഉപദേശകസമിതിയുടെ അധ്യക്ഷനായി ഡോ. മുന്‍ഷിയെ ഭാരതസര്‍ക്കാര്‍ നിയമിച്ചു. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് സര്‍ദാര്‍ പട്ടേലാവണമെന്ന് മുന്‍ഷി ആലോചിച്ചു. എന്നാല്‍ ക്ഷേത്രം പണിതീര്ന്നപ്പോഴേക്കും സര്‍ദാര്‍ പട്ടേല്‍ ദിവംഗതനായി.
‘സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥാടനം’ എന്ന ഗ്രന്ഥത്തില്‍ മുന്‍ഷി എഴുതുന്നു: ”ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ സമയമായപ്പോഴേക്കും ഞാന്‍ ഡോ. രാജേന്ദ്രപ്രസാദിനെ സമീപിച്ച് ചടങ്ങ് നിര്വഹിക്കാമോയെന്ന് ചോദിച്ചു. വരുമെന്നുറപ്പുണ്ടെങ്കില്‍ മാത്രം ക്ഷണം സ്വീകരിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സമീപനം എന്തായിരുന്നാലും വിഗ്രഹപ്രതിഷ്ഠക്ക് താന്‍ എത്തുമെന്ന് പറഞ്ഞ രാജേന്ദ്രപ്രസാദ് ഇതുകൂടി പറഞ്ഞു. ക്ഷണിക്കപ്പെടുകയാണെങ്കില്‍ പള്ളിയായാലും മസ്ജിദ് ആയാലും ഞാന്‍ ഇതുതന്നെ ചെയ്യും. ഇതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ കാതല്‍. നമ്മുടെ ഭരണകൂടം മതപരമോ മതവിരുദ്ധമോ അല്ല. അസുഖകരമായത് സംഭവിക്കുമെന്ന് ഞാന്‍ കരുതിയത് ശരിയായി. സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങില്‍ രാജേന്ദ്രപ്രസാദ് പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അദ്ദേഹം സോമനാഥിലേക്ക് പോകുന്നതിനെ ജവഹര്‍ലാല്‍ നെഹ്റു ശക്തമായി എതിര്‍ത്തു. പക്ഷേ രാജേന്ദ്രപ്രസാദ് വാക്കുപാലിച്ചു.”
ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ 1989 ജൂണില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയാണ് അയോധ്യാ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം ഔദ്യോഗികമായി അംഗീകരിച്ചത്. സ്വതന്ത്രഭാരതത്തിലെ ആദ്യസര്ക്കാര് സോമനാഥ ക്ഷേത്രത്തോട് കാണിച്ച സമീപനംതന്നെ രാമജന്മഭൂമിയുടെ കാര്യത്തില്‍ സ്വീകരിക്കണമെന്ന് ഈ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അയോധ്യാ ക്ഷേത്രനിര്‍മാണത്തിന് പിന്തുണയാര്‍ജിക്കാനാണ് 1990 സെപ്തംബര്‍ 25 ന് 1,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രഥയാത്ര സോമനാഥ ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ യാത്ര രാജ്യത്ത് പൊടുന്നനെ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ശരിയായ മതേതരത്വവും കപട മതേതരത്വവും തമ്മിലായിരുന്നു ഇത്. നാല്‍പ്പത് വര്‍ഷം മുന്‍പ് സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് മുന്‍ഷിയെ പണ്ഡിറ്റ് നെഹ്റു ശാസിച്ചപ്പോഴാണ് ഈ ചര്‍ച്ച ആദ്യമായി ഉടലെടുത്തത്.
‘സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥാടന’ത്തില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ള തന്റെ ഭവന്‍സ് ജേര്‍ണലിന്റെ ഒരു ലക്കത്തില്‍ മുന്‍ഷി എഴുതുന്നു:
”മന്ത്രിസഭാ യോഗത്തിന്റെ അവസാനം ജവഹര്‍ലാല്‍ എന്നെ വിളിച്ചു പറഞ്ഞു: സോമനാഥ് പുനഃസ്ഥാപിക്കാനുള്ള താങ്കളുടെ ശ്രമത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ഹിന്ദു പുനരുത്ഥാനവാദമാണ്.”
ഡോ. മുന്‍ഷി ഇതിനോട് ഉടന്‍ പ്രതികരിച്ചില്ല. പ്രധാനമന്ത്രിക്കയച്ച നിരവധി പേജുള്ള കത്തായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ പ്രതികരണം. സോമനാഥുമായി ബന്ധപ്പെട്ട തന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ സംരംഭമല്ലെന്നും, മറിച്ച് സര്‍ക്കാരെടുത്ത സ്വന്തം തീരുമാനത്തിന്റെ തുടര്‍ച്ചയാണെന്നും ഊന്നിപ്പറയുന്നതായിരുന്നു ഈ കത്ത്.
സോമനാഥ ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ സാമൂഹ്യപരിഷ്കരണ വശം എടുത്തുകാട്ടിക്കൊണ്ട് മുന്‍ഷി എഴുതി: ”ക്ഷേത്രം ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ഉദ്ദേശ്യം ഹിന്ദുസമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍നിന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. എന്നിരുന്നാലും ഹിന്ദുസമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രമല്ല, പഴയ സോമനാഥക്ഷേത്രത്തിന്റെ പാരമ്പര്യമനുസരിച്ച് അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്ന നിലയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിയായ സാമുദായികാചാരങ്ങള്‍ കുട്ടിക്കാലം മുതല്ക്കേ ഞാന്‍ ലംഘിച്ചിട്ടുണ്ട്. ഹിന്ദുധര്‍മത്തിലെ ചില ദര്‍ശനങ്ങള്‍ പങ്കിടാനോ പുനരേകീകരിക്കാനോ ആയി സാഹിത്യ-സാമൂഹ്യ സംരംഭങ്ങളിലൂടെ എന്റേതായ എളിയ രീതിയില്‍ ഞാന്‍ പ്രയത്നിച്ചിട്ടുണ്ട്. ഇത് മാത്രമേ ആധുനിക പരിതസ്ഥിതിയില്‍ ഭാരതത്തെ പുരോഗമനപരവും ഊര്‍ജസ്വലവുമായ രാഷ്ട്രമാക്കുകയുള്ളൂ എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.”
കത്ത് അവസാനിക്കുന്നത് ആവേശഭരിതവും വെല്ലുവിളിക്കുന്നതുമായ ഈ വാക്കുകളിലൂടെയാണ്. ”വര്‍ത്തമാനകാലത്ത് കര്‍മനിരതനാവാനും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കാനും എനിക്ക് കരുത്തുനല്കുന്നത് നമ്മുടെ ഭൂതകാലത്തിലുള്ള വിശ്വാസമാണ്. ഭഗവദ്ഗീതയില്‍നിന്ന് നമ്മെ വേര്‍പ്പെടുത്തുകയോ നമ്മുടെ ക്ഷേത്രങ്ങളെ പരിപാലിച്ചുപോരുന്ന വിശ്വാസത്തില്‍നിന്ന് ജനലക്ഷങ്ങളെ പറിച്ചെറിഞ്ഞ് അങ്ങനെ ജീവിതത്തിന്റെ ഇഴയടുപ്പം നശിപ്പിക്കുകയോ ചെയ്യുന്നതാണെങ്കില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് മൂല്യമുള്ളതായി കണക്കാക്കാന്‍ എനിക്കാവില്ല. സോനാഥ ക്ഷേത്ര പുനര്‍നിര്‍മാണമെന്ന നിരന്തരമായ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഞാന്‍ പ്രതേ്യകം പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ നമ്മുടെ ജീവിതത്തില്‍ പ്രമുഖ സ്ഥാനം ഉണ്ടായിരുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം ജനങ്ങള്‍ക്ക് കരുത്തിന്റെ പരിശുദ്ധമായ ബോധം പകര്‍ന്നുനല്‍കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പാണ്. സ്വാതന്ത്ര്യത്തിന്റെയും കൊടിയ പരീക്ഷണങ്ങളുടെയും നാളുകളില്‍ ഇത് ഏറെ വിലപ്പെട്ടതാണ്.”
വാജ്പേയി ഭരണകാലത്ത് അയോധ്യാ തര്‍ക്കപരിഹാരം ആസന്നമാണെന്ന് 2008-ല്‍ പൂര്‍ത്തിയാക്കിയ ആത്മകഥയില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പേജ് 412-421 ല്‍ ഞാന്‍ എഴുതി: ”അയോധ്യാ പ്രക്ഷോഭത്തിലെ പ്രമുഖ പങ്കാളിയെന്ന നിലയില്‍ തര്‍ക്കം സത്വരവും സമാധാനപരവുമായി പരിഹരിക്കാന്‍ ആറുവര്‍ഷം നീണ്ട എന്‍ഡിഎ ഭരണകാലത്ത് ഉടനീളം ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.
”തര്‍ക്കപരിഹാരത്തിനുള്ള മൂന്ന് മാര്‍ഗങ്ങള്‍ സ്പഷ്ടമായിരുന്നു: ഒന്ന്- നിയമനിര്‍മാണം. രണ്ട്- കോടതിവിധി. മൂന്ന്- ഹിന്ദു-മുസ്ലിം സമുദായ പ്രതിനിധികള്‍ ചേര്‍ന്നുള്ള രമ്യമായ പരിഹാരം.
”അയോധ്യാ പ്രശ്നത്തിന്റെ രാഷ്ട്രീയവും നിയമപരവുമായ വശങ്ങള് സമഗ്രമായി അവേലാകനം ചെയ്തശേഷം മൂന്നാമത്തേതാണ് ശരിയായ മാര്‍ഗമെന്നാണ് ഞാന്‍ ഉപസംഹരിച്ചത്. ഇക്കാര്യം പാര്‍ലമെന്റിനകത്തും പുറത്തും നിരവധിതവണ ഞാന്‍ അവതരിപ്പിക്കുകയുണ്ടായി.
”ചുരുക്കത്തില്‍ എന്റെ കാഴ്ചപ്പാട് ഇതായിരുന്നു: നിയമനിര്‍മാണത്തിലൂടെയുള്ള പരിഹാരസാധ്യത തള്ളിക്കളയാനാവില്ലെങ്കിലും അതിനുള്ള അവസരം നന്നേ ചുരുക്കമാണ്. നീതിപീഠം അതിന്റേതായ വിധി പ്രഖ്യാപിക്കുമായിരിക്കാം. മൂന്നാമത്തെ മാര്‍ഗം പരസ്പര സ്വീകാര്യവും ഈടുനില്‍ക്കുന്നതുമായ പരിഹാരസാധ്യത മുന്നോട്ടുവയ്ക്കുന്നു. തീര്‍ച്ചയായും ഇക്കാര്യത്തില്‍ രമ്യമായ പരിഹാരം പോലും കെട്ടിക്കിടക്കുന്ന കേസുകളെ നിര്‍വീര്യമാക്കി കോടതി തന്നെ അംഗീകരിക്കേണ്ടതുണ്ട്.
ഇങ്ങനെ നോക്കുമ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും മാര്‍ഗം സമന്വയിപ്പിച്ച് മാത്രമേ അന്തിമ പരിഹാരത്തിലെത്താന്‍ കഴിയൂ.
”ഭാവാത്മകമായ ഈ സമീപനം എന്‍ഡിഎ ഘടകകക്ഷികളെ ബോധ്യപ്പെടുത്താന്‍ അടല്‍ജിക്കും എനിക്കും കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. 2004-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്: അയോധ്യാപ്രശ്നം വൈകാതെയും രമ്യമായും പരിഹരിക്കുന്നത് ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുമെന്നാണ് എന്‍ഡിഎ വിശ്വസിക്കുന്നത്. ഈ പ്രശ്നത്തില്‍ കോടതിവിധി എല്ലാവരും അംഗീകരിക്കണമെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അതേസമയം, പരസ്പര വിശ്വാസത്തിന്റെയും സന്മനോഭാവത്തിന്റെയും അന്തരീക്ഷത്തില്‍ ചര്‍ച്ച ഊര്‍ജസ്വലമാക്കി രമ്യമായ പരിഹാരത്തിനുള്ള ശ്രമങ്ങളും ഉണ്ടാവണം.
”ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഹിന്ദു-മുസ്ലിം സമുദായങ്ങളിലെ വിശ്വാസ്യതയുള്ള പ്രതിനിധികളെ പൊതുവേദിയില്‍ ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ ഗണ്യമായി വിജയിക്കാന്‍ കഴിഞ്ഞ കാര്യം ഇവിടെ രേഖപ്പെടുത്തുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഇരുഭാഗത്തെയും ആത്മാര്‍ത്ഥതയും സദുദ്ദേശ്യവുമുള്ള മധ്യസ്ഥരുടെ ആശീര്‍വാദവും ഇതിനുണ്ടായിരുന്നു. കൊട്ടിഘോഷിക്കാതെ നിരവധി ചര്‍ച്ചകള്‍ നടന്നു. രാമക്ഷേത്ര നിര്‍മാണത്തിന് വഴിതെളിക്കുന്ന രമ്യമായ പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞു.
”പ്രായോഗിക ഉടമ്പടിക്കുള്ള തത്വങ്ങളും രൂപരേഖകളും 2004-ന്റെ തുടക്കത്തില്‍തന്നെ ഉരുത്തിരിഞ്ഞു. മെയ് മാസത്തിലെ പതിനാലാമത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്താമെന്ന് ഇരുപക്ഷവും തീരുമാനിച്ചു. വാജ്പേയി സര്‍ക്കാര്‍ വീണ്ടും ജനവിധി നേടുമെന്നും, പരസ്പരം സ്വീകാര്യമായ സമവാക്യം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഹിന്ദു-മുസ്ലിം വിഭാഗങ്ങളിലുണ്ടായ പ്രതീക്ഷയാണ് തീര്‍ച്ചയായും ഇത് സാധ്യമാക്കിയത്. ദുഃഖകരമെന്നു പറയട്ടെ, അത് സംഭവിച്ചില്ല.
”എന്നിരുന്നാലും ഞാനൊരു കടുത്ത വിധി വിശ്വാസിയാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ ഉചിതമായ ക്ഷേത്രം ഉയര്‍ന്നുവരേണ്ടത് ഒരു നിയോഗമാണെന്ന് എനിക്ക് ബോധ്യമുണ്ട്. അത് എപ്പോള്‍, എങ്ങനെയെന്നതിന് കുറഞ്ഞ പ്രാധാന്യമേയുള്ളൂ. അത് തീരുമാനിക്കുന്നത് ചരിത്രത്തിന്റെ ശക്തികളായിരിക്കും. തകര്ക്കപ്പെട്ടപ്പോഴൊക്കെ വീണ്ടും വീണ്ടും പുനര്നിര്മിച്ചിട്ടുള്ള സോമനാഥ ക്ഷേത്രത്തിന്റെ കാര്യത്തിലേതുപോലെ ഇതും സുനിശ്ചിതമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.
”നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദൃഢനിശ്ചയം നിറവേറാന്‍ വെമ്പുന്ന കൂട്ടായ ദേശീയ പരിശ്രമത്തില്‍ പങ്കാളിയാവാന്‍ വിധി എനിക്കായി അവസരമൊരുക്കിയതില്‍ ഞാന്‍ വിനയാന്വിതനാണ്. ഹിന്ദുക്കളുടെതുപോലെ മഹാമനസ്കത പ്രകടിപ്പിക്കാന്‍ മുസ്ലിം സഹോദരന്മാരും മുന്നോട്ടുവരണമെന്ന് മാത്രമാണ് തന്റെ ആഗ്രഹവും അഭ്യര്‍ത്ഥനയും.”
അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധിയുണ്ടായശേഷം നേരത്തെ പറഞ്ഞ രണ്ടും മൂന്നും പോംവഴികള്‍ ഒന്നിച്ചുചേര്ക്കാവുന്ന അവിചാരിതമായ ഒരു ബിന്ദുവില്‍ രാജ്യം എത്തിയിരിക്കുന്നു എന്ന് പറയാന്‍ അതിയായ സന്തോഷമുണ്ട്. ആര്‍എസ്എസും ബിജെപിയും ഊന്നിപ്പറയുന്നതുപോലെ രാംലാല വിഗ്രഹമിരിക്കുന്ന താല്‍ക്കാലിക ക്ഷേത്രം സ്ഥിതി ചെയ്യുന്നിടമാണ് രാമജന്മഭൂമി എന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന് ഈ വിധിയിലൂടെ നിയമപരമായ അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിശ്വാസവും നിയമവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇതോടെ അവസാനിച്ചിരിക്കുന്നു. വിശ്വാസത്തെ നിയമം ശരിവച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: