കരുനാഗപ്പള്ളി: തീരദേശം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ട്രോളിങ്ങ് നിരോധനത്തിനു ശേഷമുള്ള നാളുകള്‍ക്ക് മേലെ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
ആറുമാസക്കാലമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധനം ഉപജീവനമാക്കിയ തീരദേശത്തെ വറുതിയിലാഴ്ത്തി. ഹാര്‍ബറുകള്‍ അടച്ചിട്ടും മത്സ്യബന്ധനം നിരോധിച്ചുമുള്ള അധികൃതനിര്‍ദ്ദേശങ്ങള്‍ തീരദേശം പൂര്‍ണമായി നിശ്ചലമാക്കി. 5-ാം തീയതിയോടെ മത്സ്യബന്ധനത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മത്സ്യമേഖലയില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ടെങ്കിലും മത്സ്യവിപണനവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ജില്ലയില്‍ 1500 ഓളം ബോട്ടുകളും നൂറുകണക്കിനു വള്ളങ്ങളുമാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നത്. തദ്ദേശീയരായ തൊഴിലാളികള്‍ പണിയെടുത്തിരുന്ന മേഖലയില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാടുകളിലേക്ക് തിരികെ പോയവര്‍ മടങ്ങിയെത്താത്തത് ബോട്ടുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ബോട്ടുകളുടെയും വള്ളങ്ങളുടെയും മത്സ്യബന്ധനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ആദ്യം ഒറ്റഅക്ക നമ്പരും രണ്ടാം ദിനം രണ്ടക്ക നമ്പരിനുമാണ് പാസ് നല്‍കുന്നത്. മത്സ്യവില്പനയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് തുടരുന്നത്. ഹാര്‍ബറില്‍ മത്സ്യവില്പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പലപ്പോഴും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരോധനത്തിനുശേഷമായതിനാല് കൂടിയ അളവില്‍ മത്സ്യം എത്തി ചേരുമെന്നതിനാല്‍ കൂടുതല്‍ സൗകര്യം ഒരുക്കണമന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. മുന്‍കാലങ്ങളില്‍ നിരോധനത്തിനുശേഷം സുലഭമായി ലഭിച്ചിരുന്ന കണവ, കൊഞ്ച് തുടങ്ങിയവ സംസ്കരിച്ച് വിദേശവിപണിയിലേക്ക് കയറ്റി വിട്ടിരുന്നത് തടസ്സപ്പെടുമെന്ന ആശങ്കയും നിലനില്ക്കുന്നു. ഏറെ പ്രതിസന്ധികള്‍ മുന്നിലുണ്ടെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: