ചെന്നൈ : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ ഏജന്റുമാരാണ് ഇവര്‍. ട്രിച്ചിയില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്.
ട്രിച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്നവരാണ്. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ സംഘത്തിന്റെ വിലയിരുത്തല്‍. പിടിയിലായ മൂന്ന് പേരേയും ചൈന്നൈയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നെയില്‍ വച്ച് ചോദ്യം ചെയ്‌തേക്കും.
അതേസമയം ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി കേസ് സംബന്ധിച്ച് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തില്‍ അനധികൃതമായി സ്വര്‍ണ്ണം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.
തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വിസ സ്റ്റാമ്പിങ്ങും മറ്റും തിരുവനന്തപുരത്തൊക്കെ നടത്തിയിരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിലേക്കും നീളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: