തിരുവനന്തപുരം: കൊറോണ പ്രതിരോധ രംഗത്ത് കഠിന പ്രയത്നം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയുണ്ടാകുന്നതും അത് ദിനം പ്രതി വര്‍ധിച്ചു വരുന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. കൊറോണ പ്രതിരോധ രംഗത്തെ നെടുംതൂണുകളായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വര്‍ധിച്ചതോതില്‍ രോഗബാധയുണ്ടാകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കും. രോഗബാധ ആരോഗ്യപ്രവര്‍ത്തകരേയും ആശ്രിതരേയും കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.
ഓരോ ദിവസവും കൊവിഡ് ബാധിതരുടെ കണക്കുകള്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ പത്തും പതിനഞ്ചും ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും കയറി വരുന്നത് നമ്മുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശാസ്യമല്ലന്നാണ് വിലയിരുത്തല്‍. എല്ലാദിവസവും ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം മിക്കവാറും എല്ലാ ജില്ലയിലും എന്ന പോലെ തലസ്ഥാനത്തും ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തുകയാണ്.
മറ്റു ജില്ലകളെക്കാള്‍ വളരെ കൂടുതലാണ് തലസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലെ രോഗബാധ. അടുത്ത ദിവസങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കാണുന്നത്. ജൂലൈ 20 വരെ ജില്ലയില്‍ 54 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ജൂലൈ 30 ആയപ്പോഴേക്കും അത് 158 പേര്‍ക്ക് എന്ന നിലയില്‍ ഉയര്‍ന്നു. വളരെക്കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ പ്രധാന ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ അടുത്ത ദിവസങ്ങളില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതാണ് തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി. അത്രയും പ്രധാന്യമുള്ള ആശുപത്രി അടച്ചിടേണ്ടി വരുമോ എന്ന ചര്‍ച്ചകള്‍ക്കുപോലും അത് വഴിവച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 150 ലേറെ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ ആവുകയും 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോവുകയും ചെയ്തു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിശ്രമമില്ലാതെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണനകിട്ടുന്നില്ല. ഇവരുടെ ആരോഗ്യ സുരക്ഷയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. തുടര്‍ച്ചയായുള്ള ജോലിത്തിരക്ക് കാരണം ഉണ്ടാകുന്ന മാനസിക സംഘര്‍ഷം, മണിക്കൂറുകളോളം പിപിഇ കിറ്റുകള്‍ ധരിക്കുന്നതുമൂലമുണ്ടാകുന്ന ശാരീരിക വിഷമതകള്‍ എല്ലാം സഹിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. സദാസമയവും രോഗികളുടെ ഇടയില്‍ കഴിയുന്ന ഇവര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ ഇവരുടെ ശമ്പളം സാലറി ചലഞ്ച് എന്ന പേരില്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും ജോലിഭാരം ഒട്ടും കുറയുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: