കട്ടപ്പന: കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന് പരാതി. രോഗികൾ ജില്ലാ കളക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രാത്രി വില്ലേജ് ഓഫീസ് പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവന്ന് നൽകുകയായിരുന്നു.
കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ആദ്യ ദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെള്ള് നിറഞ്ഞ ചോറ് നൽകിയതിനെതിരെ രോഗികൾ പ്രതിഷേധമുയർത്തി. എന്നിട്ടും നടപടിയുണ്ടായില്ല.
കഴിഞ്ഞ രാത്രിയിൽ കേടായ ഭക്ഷണം നൽകിയതിനെ തുടർന്ന് രോഗികൾ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു. ഇതേ തുടർന്ന് ജില്ലാ കളക്ടർ കട്ടപ്പന വില്ലേജ് ഓഫീസറോട് രോഗികൾക്ക് വേറെ ഭക്ഷണം നൽകാൻ നിർദ്ദേശിച്ചു. രാത്രി 9.30 ഓടെ വില്ലേജ് ഓഫീസർ ചികിത്സയിൽ കഴിയുന്നവർക്ക് ബിരിയാണി എത്തിച്ച് നൽകുകയായിരുന്നു. കട്ടപ്പനയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. എന്നിട്ടും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇതിനെതിരെ നടപടിയെടുത്തില്ല. കുടുംബശ്രീ ഹോട്ടലിൽ നിന്ന് മോശം ഭക്ഷണം വിതരണം ചെയ്തിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇവർക്ക് ഒത്താശ ചെയ്യുകയായിരുന്നു. കട്ടപ്പന ടൗണിൽ തനിക്ക് താൽപ്പര്യമുള്ള കച്ചവടക്കാരെ ഒഴിവാക്കി ചില സ്ഥാപനങ്ങളിൽ മാത്രം നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ ഉണ്ട്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയോട് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഈ വിഷയം ഒതുക്കി തീർത്തു. ഇതിനു പിന്നാലെയാണ് കുടുംബശ്രീ ഹോട്ടലിന് നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ അനുമതി നൽകിയെന്ന ആരോപണവും ഉണ്ടായത്.
ലൈസൻസില്ലാതെ കുടുംബശ്രീ ഹോട്ടൽ രണ്ടു മാസത്തിലധികമായി പ്രവർത്തിച്ചിട്ടും നടപടി എടുക്കാത്ത ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊറോണ ചികിത്സാ കേന്ദ്രത്തിൽ പ്രതിഷേധിച്ച രോഗികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും നീക്കമുണ്ട്.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് വിവരം നൽകിയവരെ സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാൽ തുടർന്നും മോശം ഭക്ഷണം നൽകിയതിനെ തുടർന്ന് ചികിത്സയിലുള്ളവർ ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇറച്ചിയും മീനും ഒന്നുമില്ലെങ്കിലും ചൂടുള്ള കുറച്ച് ഭക്ഷണം മാത്രം മതിയെന്നാണ് രോഗികളുടെ ആവശ്യം. കൊറോണ സെൻ്ററിൽ നിന്ന് രക്ഷപെടുത്തി തങ്ങളെ വീട്ടിലേയ്ക്ക് അയക്കണമെന്നും വീട്ടിൽ ക്വാറൻ്റൈനിൽ കഴിഞ്ഞു കൊള്ളാമെന്നുമുള്ള രോഗികളുടെ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: