അയോധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് പൂജാ ചടങ്ങിനായി ഏഴു പുണ്യ നദികളിലെയും തീര്‍ഥജലം അയോധ്യയില്‍ എത്തിക്കും. ഗംഗാ, യമുന, സിന്ധു, സരസ്വതി, നര്‍മദ, ഗോദാവരി, കാവേരി എന്നിവയാണ് ഭാരതത്തിന്റെ സപ്ത നദികള്‍. പൂജാദി കര്‍മങ്ങള്‍ക്ക് ഇവയിലെ ജലം വേണമെന്നാണ് വിധി. സാധാരണ, ആവാഹിച്ച് സമര്‍പ്പിക്കുകയാണ്. എന്നാല്‍ അയോധ്യയിലെ ചടങ്ങിന് എല്ലാ നദികളിലെയും ജലം പുണ്യ ഘട്ടങ്ങളില്‍ നിന്നു തന്നെ ശേഖരിച്ച് ആചാര്യന്മാര്‍ കൊണ്ടുവരും. ഈ മാസം അഞ്ചിനാണ് ക്ഷേത്രത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും.
കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന സ്‌നാനഘട്ടത്തില്‍ നിന്നു ശേഖരിച്ച ജലവുമായി ആചാര്യ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. കാവേരി ജലം തലക്കാവേരിയില്‍ നിന്നാണ് ശേഖരിക്കുക. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നും ജലം ശേഖരിക്കും.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്കായി വിവിധ ഹിന്ദു, സിഖ്, ജൈന, ബുദ്ധ പുണ്യ സങ്കേതങ്ങളില്‍ നിന്നുള്ള മണ്ണും അയോധ്യയിലെത്തിക്കും. ചതുര്‍ധാമങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങള്‍ക്കു പുറമെ ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും മണ്ണുകൊണ്ടുവരും. സമ്പൂര്‍ണ ഭാരതത്തിന്റെയും സാന്നിധ്യമാണ് അയോധ്യയില്‍ ഉണ്ടാവുക. വിവിധ ഭാഗങ്ങളില്‍ നിന്ന് പൂജിച്ച ശിലകളും എത്തിക്കഴിഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിലെ ശാരദാ പീഠത്തില്‍ നിന്നുള്ള മണ്ണാണ് ഇതില്‍ ഏറെ ശ്രദ്ധേയം. കശ്മീരി പണ്ഡിറ്റുകളുടെ മൂന്നു തീര്‍ഥ സ്ഥാനങ്ങളില്‍ ഒന്നാണ്, തകര്‍ക്കപ്പെട്ട ശാരദാപീഠം. അമര്‍നാഥ് ക്ഷേത്രവും അനന്തനാഗിലെ സൂര്യ ക്ഷേത്രവുമാണ് മറ്റു രണ്ടെണ്ണം.
മനോജ് ഭാസ്‌കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: