അകാലത്തില്‍ അന്നദാതാവിനെ നഷ്ടപ്പെട്ട ആശ്രിതരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് ആശ്രിതനിയമനം. എന്നാല്‍ ഇന്ന് ഈ വാക്ക് അര്‍ത്ഥഭ്രംശം സംഭവിച്ച്, ദുഷ്വൃത്തിയുമായി ബന്ധപ്പെട്ട വാക്കായി മാറിയിരിക്കുന്നു. തങ്ങളുടെ ഇഷ്ടക്കാരായ ആളുകളെ സര്‍ക്കാര്‍ ലാവണങ്ങളില്‍ തിരുകിക്കയറ്റുന്ന പുതിയ പ്രവണതയാണ് പുതിയകാലത്ത് ആശ്രിതനിയമനം എന്ന പദത്താല്‍ വിവക്ഷിക്കപ്പെടുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ കുറേദിവസങ്ങളായി ഇത്തരം കണക്കുകളും തൊഴില്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പിഎസ്സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കൊണ്ട് നിരവധി തസ്തികകളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആശ്രിതരായവര്‍ക്ക് നിര്‍ലോഭം നിയമനങ്ങള്‍ നടത്തുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്നത്. അവരെ മുഴുവന്‍ വഞ്ചിച്ചുകൊണ്ടാണ് യാതൊരു സ്ക്രീനിംഗിനും വിധേയരാക്കാതെ അയോഗ്യരായ ഒരു വിഭാഗത്തെ ഭരണാധികാരികള്‍ പിന്‍വാതിലിലൂടെ നിയമിക്കുന്നത്. ഇതുകൂടാതെ ഒരു മാനദണ്ഡവുമില്ലാതെ ചിലര്‍ക്ക് അനര്‍ഹമായ പ്രമോഷനും ശമ്പളവര്‍ദ്ധനവും നല്‍കുകയും ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞദിവസം ഒരു ബിജെപി നേതാവ് രേഖകള്‍ സഹിതം വെളിപ്പെടുത്തിയിരിക്കുന്നു. ഈ താത്കാലിക ജീവനക്കാരില്‍ വിവാദമായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. പോളി ടെക്നിക്കുകളിലെ തങ്ങളുടെ ഇഷ്ടക്കാരായ അദ്ധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവി പദവികളിലേക്ക് പ്രമോഷന് നല്‍കുന്നതിന് വഴിവിട്ട മാര്‍ഗം സ്വീകരിച്ചതാണ് മറ്റൊന്ന്. എംടെക് ബിരുദമാണ് ഈ തസ്തികകളിലേക്കുള്ള യോഗ്യത. എന്നാല്‍ ചല സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിക്കൂട്ട് കോഴ്സുകള്‍ വഴി എംടെക് വ്യാജബിരുദം എടുപ്പിച്ചാണത്രെ ഈ ഇഷ്ടക്കാരെ ഉയര്‍ന്ന പദവികളില്‍ നിയമിച്ചത്. മാസങ്ങളായി അനര്‍ഹമായി ഉയര്‍ന്ന ശമ്പളം പറ്റിവരികയാണ് ഇങ്ങനെ കുറേ പേര്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ പ്രകടനപത്രികയില്‍ പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി വിഷയങ്ങളിലൊന്നാണ് തൊഴില്‍ നയം. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുംമുമ്പ് നിയമനങ്ങള്‍ നടത്തുമെന്നത് ഇടത് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ പിഎസ്സി റാങ്ക്ലിസ്റ്റിലുള്ള ആയിരക്കണക്കിന് യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്.
വഴിവിട്ട് നിയമിച്ച ദിവസവേതനക്കാരെ പിന്നീട് സ്ഥിരപ്പെടുത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുനയമായി മാറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കോടതി വിധി ഉണ്ടായിട്ടു പോലും അതിനെ മറികടന്ന് നിയമനങ്ങള്‍ നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള നിയമനങ്ങള്‍ നടത്തുകയും ചെയ്തത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണ്. പിഎസ്സിക്ക് വിട്ട തസ്തികകളില്‍ പോലും ദിവസവേതനത്തിന് നൂറുകണക്കിന് സ്വന്തക്കാരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയും ചെയ്തുകൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കളോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: