മിലാന്: ഈ സീസണില്‍ ഗോളടിയില്‍ യൂറോപ്പിലെ രാജാകുമാരനുള്ള കിരീടം ലാസിയോ താരം സിറോ ഇമ്മൊബൈല്‍ ശരിസിലേറുമെന്ന് ഉറപ്പായി. ഒരു ദശാബ്ദക്കാലം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കിവച്ച യൂറോപ്പിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഇത്തവണ ഇമ്മൊബൈലിന് സ്വന്തമാകും.
പ്രഗത്ഭരായ മെസി, റൊണാള്‍ഡോ, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോസ്കി എന്നിവര്‍ക്കൊന്നും ഗോളടിയില്‍ ഇത്തവണ ഇമ്മോബൈലിനൊപ്പം എത്താനായില്ല. സീരി എയില്‍ കഴിഞ്ഞ ദിവസം ബ്രെസിയക്കെതിരെ ഗോള്‍ നേടിയതോടെ ബയേണ്‍ സ്ട്രൈക്കര്‍ ലെവന്‍ഡോസ്കിയെ മറികടന്ന് ഇമ്മൊബൈല്‍ മുന്നിലെത്തി. ഇതുവരെ മുപ്പത്തിയഞ്ച് ഗോളുകളാണ് ഈ സ്ട്രൈക്കറുടെ ബൂട്ടില്‍ നിന്ന് പിറന്നത്. സിസണിലെ അവസാന മത്സരത്തില്‍ ഇമ്മൊബൈല്‍ ഇന്ന് നാപ്പോളിക്കെതിരെ കളത്തിലിറങ്ങും.
യുവന്റസിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോ ഇമ്മൊബൈലിനെക്കാള് നാലു ഗോളിന് (31) പിന്നിലാണ്. റോമക്കെതിരെയാണ് യുവന്റസിന്റെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് അടുത്തുവരുന്നതിനാല്‍ റൊണാള്‍ഡോ ഈ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
യൂറോപ്യന്‍ ഗോള്‍ഡണ്‍ ഷൂ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇറ്റാലിയന്‍ താരമാകും ഇമ്മൊബൈല്‍. 2007ല്‍ റോമയുടെ ഫ്രാന്‍സെസ്കോ ടോട്ടി (26)യും 2006ല്‍ ഫിയോറന്റീനയുടെ ലുക ടോണിയും (31) ഈ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ന് നാപ്പോളിക്കെതിരെ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ഒരു സീസണില്‍ സീരി എയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വയിനിന്റെ റെക്കോഡ് (36) ഇമ്മൊബൈലിന് മറികടക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: