Categories: Kannur

അഞ്ചരക്കണ്ടിയില്‍ നിന്നും മുങ്ങി ഇരിട്ടിയില്‍ പിടിയിലായ തടവുപുള്ളിക്ക് കോവിഡ് നെഗറ്റീവ്

ആറളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍, മജിസ്‌ട്രേട്ട് ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍, 10 ജയില്‍ ഉദ്യോഗസ്ഥര്‍, പത്ത് സഹതടവുകാര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഇരിട്ടി: അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും മുങ്ങി ഇരിട്ടി നഗരത്തില്‍ പിടിയിലായ തടവ് പുള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആറളം വെളിമാനം സ്വദേശിയായ 19 കാരനാണ് ഫലം നെഗറ്റീവായത്. ആറളത്തെ അടിപിടിക്കേസില്‍ റിമാന്റിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി ഈ മാസം 21 ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടു വന്നിരുന്നു. 

പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്‌ട്രേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് 23 ന് നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. ഇവിടെനിന്നും 24 ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാന്റില്‍ പോലീസ് പിടികൂടുകയായിരുന്നു. 25 ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്.  

തുടര്‍ന്ന് ആറളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍, മജിസ്‌ട്രേട്ട് ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍, 10 ജയില്‍ ഉദ്യോഗസ്ഥര്‍, പത്ത് സഹതടവുകാര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക