പേട്ട: വഞ്ചിയൂരില്‍ ആമയിഴഞ്ചാന്‍ തോടിന്റെ വശത്തെ റോഡ് തകര്‍ത്തതില്‍ രാഷ്ട്രീയ അജണ്ട. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തോട് അടച്ച് മൂടിക്കൊണ്ട് റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ട് ചെലവഴിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. അതുകൊണ്ടാണ് ധൃതിപിടിച്ചുള്ള ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കലിന് തുടക്കമിട്ടതെന്ന് പ്രദേശവാസികള്‍.
വാര്‍ഡ് സിപിഎം കൗണ്‍സിലറുടെ വികസന മുന്നേറ്റമായിട്ടാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. എന്നാല്‍ ചപ്പുചവറുകള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്തതോടെയാണ് റോഡ് തകര്‍ന്നത്. ആഴത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ വശങ്ങള് ഇടിയുമെന്നിരിക്കേയാണ് കരാറുകാര്‍ അത് ചെയ്തത്. മണ്ണ് കോരിമാറ്റിയശേഷം ജെസിബി തോടിന്റെ വരമ്പത്തോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ഇതോടെ അത്തിയറ മഠം ക്ഷേത്രത്തിന് മുന്നിലെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡ് നിര്‍മാണത്തിന് തുടക്കമിടാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് 20 കോടിയും നഗരസഭ അഞ്ച് കോടിയും വകയിരുത്തിയത്. എന്നാല്‍ നാളിതുവരെ ഇതുസംബന്ധിച്ച് യാതൊരുവിധ പ്രവര്‍ത്തനവും നടന്നിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ രാഷ്ട്രീയലക്ഷ്യം വെച്ച് പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം നടത്തിയത്. ഇതിന് മുന്നോടിയായിട്ടാണ് വൃത്തിയാക്കലിന്റെ പേരില്‍ റോഡ് തകര്‍ച്ചയില്‍ വരെ എത്തിച്ചിരിക്കുന്നത്. പ്രീകാസ്റ്റ് ചെയ്ത ബോക്സ് കണ്വെള്ട്ട് റോഡ് നിര്‍മിക്കാനാണ് പദ്ധതി.
നേരത്തെ വഞ്ചിയൂരില്‍ നടപ്പിലാക്കിയ ഓട അടച്ചുള്ള റോഡ് നിര്‍മാണം ആക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങിയിരുന്നു. ഡ്രെയിനേജ് സംവിധാനത്തിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആക്ഷേപമുയര്‍ന്നത്. ഇത്തരം ആക്ഷേപം നിലനില്‍ക്കേ വീണ്ടും ഓട അടച്ചുള്ള റോഡ് നിര്‍മാണം പ്രതികൂലമാകും. മണ്ണ് കോരിമാറ്റുമ്പോള്‍ റോഡ് സ്വാഭാവികമായും ഇടിയും. തുടര്‍ന്നുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ പേരില്‍ റോഡിന് തുടക്കം കുറിക്കാനും കഴിയും.
ഓട അടച്ച് റോഡ് നിര്‍മിച്ചാല്‍ പ്രദേശം പകര്ച്ചവ്യാധിയിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ നിര്‍മിച്ച റോഡിനടിയിലെ ഓടയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം ഇതുവരെ നീക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യം നീക്കം ചെയ്യാന്‍ സ്ഥാപിച്ചിട്ടുള്ള മാന്‍ഹോളുകള്‍ പോലും പ്രഹസനമാണ്. മാന്‍ഹോളുകളില്‍ കൂടി ഓടയിലേക്കിറങ്ങാന് സംവിധാനമില്ല. ഓടക്കുള്ളിലേക്ക് യന്ത്രങ്ങള്‍ കയറ്റാനുള്ള സാഹചര്യവുമില്ല.
ക്ലീനിംഗ് ജീവനക്കാരെ അതിനുള്ളില്‍ വൃത്തിയാക്കാന്‍ നിയോഗിച്ചാല്‍ കൂടുതല്‍ അപകടത്തിന് വഴിയൊരുക്കുകയും ചെയ്യും. ഈയവസ്ഥയിലാണ് വീണ്ടും ഇതേ രീതിയില്‍ ഓടയടച്ച് റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്. റോഡ് പൂര്‍ണമാക്കിയാല്‍ ഇതിനടിയില്‍ കടത്തിവിട്ടിട്ടുള്ള ഡ്രെയിനേജ് ലെയിനുകള്‍ക്ക് തകരാറ് സംഭവിച്ചാലും പുറത്തറിയുകയില്ല എന്ന അവസ്ഥയാണ്. നിലവില്‍ തന്നെ ഇവിടുത്തെ ഡ്രെയിനേജ് മാന്‍ഹോളുകളില്‍ ഓവര്‍ഫ്ളോ ഉണ്ടായാല്‍ വാട്ടര്‍ അതോറിട്ടി കരാറുകാരെത്തി അധികൃതരുടെ ഒത്താശയോടെ ഡ്രെയിനേജ് മാലിന്യം ആമയിഴഞ്ചാന്‍ തോടിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നതെന്നും സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: