ന്യൂദല്‍ഹി : സമൂഹത്തില്‍ എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. നിത്യ വൃത്തിക്ക് തന്നെ നിവൃത്തിയില്ലാതെയുള്ള ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്ക് സഹായ ഹസ്തവുമായി ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. തലസ്ഥാനത്തെ 25 ലൈംഗിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള ചെലവുകള്‍ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദല്‍ഹി ഗാസ്റ്റിന് ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ച ഗംഭീര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പങ്ഖ് എന്ന പേരില്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്യും.
മാന്യമായി ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും തുല്യമാണ്. ഈ കുട്ടികള്‍ക്കും താന്‍ അവസരങ്ങളുടെ വാതില്‍ തുറന്നിടുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കും ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.
എന്നാല്‍ സംഘടനയുടെ പ്രാരംഭമായതിനാലാണ് 25 കുട്ടികളെ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അതിനുശേഷം കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ പറഞ്ഞു. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകളും മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഗംഭീര്‍ സജീവമാണ്. നിലവില്‍ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. അത് കൂടാതെയാണ് വീണ്ടും ഏറ്റെടുക്കുന്നത്.
തന്റെ വീട്ടിലെ ജീവനക്കാരിയായിരുന്ന സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് അവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും അവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് രാജ്യത്ത് വ്യാപകമായതോടെ ലോക്സഭാഗം കൂടിയായ ഗംഭീര്‍ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീര്‍ പിഎം കെയര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1000 പിപിഇ കിറ്റുകളും സംഭാവന നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: