കോഴിക്കോട്: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മാസങ്ങളായി ശമ്പളമുടക്കം. പെരുന്നാള്‍ ദിനത്തിലും പട്ടിണിയായതോടെ പ്രതിഷേധവുമായി ജീവനക്കാര്‍ തന്നെ രംഗത്തെത്തി. മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കാര്‍ഡുകളുമായാണ് പെരുന്നാള്‍ ദിവസത്തില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
മെയ് മാസത്തിലെ ശമ്പളം പോലും ജൂലൈ ആയിട്ടും നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ജീവനക്കാരുടെ പ്രതിഷേധം.പെരുന്നാളിന് മുന്‍പ് ഒരു മാസത്തെ സാലറി എല്ലാ യൂണിറ്റിലും നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടിട്ടില്ല. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് കോഴിക്കോട് മെയ് മാസത്തെ ശമ്പളം ലഭിച്ചതെന്നും കെ.യു.ഡബ്ല്യു.ജെ ചന്ദ്രിക സെല്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം അടക്കമുള്ള മറ്റു യൂണിറ്റുകളില്‍ ആര്‍ക്കും ശമ്പളം നല്‍കിയിട്ടില്ല. മാനേജ്‌മെന്റ് പറഞ്ഞുപറ്റിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. നാലു മാസത്തെ വരെ ശമ്പളകുടിശിഖ ചന്ദ്രികയില്‍ ഉണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇതിനാലാണ് പെരുന്നാള്‍ ദിനം തന്നെ ജീവനക്കാര്‍ പ്രതിഷേധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ചന്ദ്രിക സെല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. മുസ്ലീം ലീഗ് നേതാക്കളും പാണക്കാട് കുടുംബവും പ്രസ്താവന നല്‍കാന്‍ അല്ലാതെ ചന്ദ്രികയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലന്നാണ് ജീവനക്കാര്‍ പറയുന്നത്. ശമ്പളം മുടങ്ങിയതോടെ തങ്ങളുടെ കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: