കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസിന് തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തെളിയുന്നു. കേസിലെ മുഖ്യകണ്ണികളിലൊരാളായ കെ.ടി. റമീസാണ് ഈ സംസ്ഥാനങ്ങളിലെ ചില ഭീകരരുമായി ബന്ധമുള്ളവരില്‍ പ്രമുഖന്. ഇയാളെ ചോദ്യം ചെയ്യുന്ന എന്‍ഐഎയ്ക്ക് സുപ്രധാന വിവരങ്ങളാണ് ലഭിക്കുന്നത്.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ റമീസിനും കൂട്ടാളികള്‍ക്കും തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ വിവിധ ഭീകര-തീവ്രവാദ സംഘടനകളുമായി ഇടപാടുണ്ടായിരുന്നു. 2015 വരെ ഇടപാടുകള്‍ സജീവമായിരുന്നു. ഇവിടങ്ങളിലെ ചില പ്രധാന മതന്യൂനപക്ഷ രാഷ്ട്രീയ സംഘടനാ നേതാക്കളുമായി ഉറ്റ ബന്ധമുണ്ടെന്നതിനും തെളിവു കിട്ടി.
ഇസ്ലാമിക-കമ്യൂണിസ്റ്റ് ഭീകര സംഘടനകള്‍ക്ക് സ്വര്‍ണമുള്‍പ്പെടെ കള്ളക്കടത്തു സാധനങ്ങള്‍ റമീസ് കൈമാറിയിട്ടുണ്ട്. പതിമൂന്നു തോക്കുകള്‍ കടത്തിയ കേസില്‍ പ്രതിയാണ് റമീസ്. ഇനിയും ഇയാളുടെ തോക്കുകടത്തു കേസില്‍ കേരള പോലീസ് നല്‍കേണ്ട ബാലിസ്റ്റിക് റിപ്പോര്‍ട്ട് കസ്റ്റംസിന് കിട്ടിയിട്ടില്ല. കൊറോണ പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റമീസിന്റെ സ്വാധീനം അത്രയ്ക്കാണ്.
മലപ്പുറം എടക്കണ്ടം സെയ്തലവിയാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മറ്റൊരാള്‍. സെയ്തലവിയെ വര്‍ഷങ്ങള്‍ മുമ്പ് തിരൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ സത്യഗ്രഹമിരുന്ന് മോചിപ്പിച്ചത് അന്നത്തെ ഒരു എംപിയായിരുന്നു. അതിനു ശേഷമാണ് സെയ്തലവിയും സുഹൃത്ത് റമീസും കൂട്ടരും ചേര്‍ന്ന് ബിസിനസ് തമിഴ്നാട്ടിലേക്ക് മാറ്റിയത്. അങ്ങനെ എല്‍ടിടിഇയും അല്‍ ഉമയുമായി അടുപ്പത്തിലുമായി. അതുവഴിയാണ് ഹൈദരാബാദിലും കശ്മീരിലും രാജ്യ വിരുദ്ധ സംഘടനകളുമായി റമീസിന്റെ ചങ്ങാത്തം വളര്‍ന്നത്. ഹൈദരാബാദിലെ ചില പ്രധാന രാഷ്ട്രീയക്കാരുമായുള്ള ബന്ധം റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അവിടങ്ങളില്‍ സ്വര്‍ണം കൈമാറിയത് റമീസ് സമ്മതിച്ചു.
ഇവരുടെ വിദേശ രാജ്യങ്ങളിലെ ഇടപാടുകള്‍ക്ക് കേരളമായിരുന്നു എക്കാലത്തും സുരക്ഷിതം. എന്നാല്‍, സമ്പാദ്യത്തിന്റെ നിക്ഷേപം ഭൂമിയിലും സ്ഥാപനങ്ങളിലുമായി തമിഴ്നാട്ടിലായിരുന്നു അധികം. അതുവരെ സംരക്ഷിതമായിരുന്ന ഇടപാടുകള്‍ക്ക് കേന്ദ്രത്തില്‍ ഭരണം മാറിയതോടെ മാറ്റം വന്നു. അതോടെ നിക്ഷേപ ഇടപാടുകള്‍ സംസ്ഥാനത്തേക്കു മാറ്റി. മാളുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രവില്‍പ്പന ശാലകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ ചെറുപട്ടണങ്ങള്‍ തോറും വ്യാപകമായത് ഇതേത്തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: