ടൂറിന്: സീരി എ ചാമ്പ്യന്മാരായ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. സീസണിലെ അവസാനത്തേതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ കാഗ്ലിയാരിയാണ് യുവെയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ പകുതിയില്‍ ലുകാ ഗാഗ്ലിയാനോയും ജിയോവനി സിമിയോണും നേടിയ ഗോളുകളാണ് അവര്‍ക്ക് വിജയമൊരുക്കിയത്.
മത്സരത്തില്‍ ഗോള്‍ അടിക്കാന്‍ കഴിയാതേ പോയ യുവെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഈ സീസണിലെ ഏറ്റവും കൂടതല്‍ ഗോള്‍ നേടിയ താരമാകാനുള്ള പ്രതിക്ഷകള്‍ മങ്ങി. ഒരു മത്സരം കൂടി ശേഷിക്കെ മുപ്പത്തിയൊന്ന് ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. ലാസിയോ താരം ഇമ്മോബൈലിനേക്കാള് നാലു ഗോളിന് പിന്നിലാണ് റൊണാള്‍ഡോ.
ആദ്യ വിസില്‍ മുതല്‍ ആക്രമണഫുട്ബോള്‍ കാഴ്ചവച്ചാണ് കാഗ്ലിയാരി വിജയം പിടിച്ചെടുത്തത്. എട്ടാം മിനിറ്റില്‍ തന്നെ അവര്‍ ആദ്യ ഗോള്‍ നേടി. ഫെഡറിക്കോ മറ്റിലോ നല്കിയ പാസ് ലുകാ ഗാഗ്ലിയാനോ യുവെയുടെ വലയിലേക്ക് അടിച്ചുകയറ്റി. ആദ്യ പകുതിയുടെ അധികസയത്ത് അവര്‍ രണ്ടാം ഗോളും നേടി. സിമിയോണാണ് ലക്ഷ്യം കണ്ടത്.
രണ്ട് ഗോളിന് പിന്നിട്ടു നിന്നിട്ടും താരനിബിഡമായ യുവന്റസിന് രണ്ടാം പകുതിയിലും നിലവാരത്തിലേക്ക് ഉയരാനയില്ല. ഈ സീസണില്‍ സിരീ എയിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വി യുവന്റസിന്റെ കിരീട നേട്ടത്തെ ബാധിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ സാംപ്ഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച യുവെക്ക് കിരീടം ഉറപ്പായിട്ടുണ്ട്.
ഒരു മത്സരം കൂടി ശേഷിക്കെ യുവെ എണ്‍പത്തിമൂന്ന് പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്. യുവെയെക്കാള്‍ നാലു പോയിന്റ് പിന്നിലുള്ള ഇന്റര്‍ മിലാനാണ് രണ്ടാം സ്ഥാനത്തത്.
ഈ സീസണിലെ അവസാന മത്സരത്തില്‍ യുവന്റസ് എഎസ് റോമയെ എതിരിടും. മറ്റൊരു മത്സരത്തില്‍ ബ്രെസിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലാസിയോ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത സജീവമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: