കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സിപിഎം നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലാകുന്ന സാഹചര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികള്‍ നിര്‍ജ്ജീവമാകുന്നു. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പ്രാദേശിക കമ്മറ്റി യോഗങ്ങളുള്‍പ്പടെ നടത്തുന്നതെങ്കിലും അംഗങ്ങളുടെ സാന്നിധ്യവും പ്രതികരണങ്ങളും പ്രതീക്ഷ നല്‍കുന്നതല്ല. ആകെ അംഗങ്ങളില്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ പ്രാദേശിക നേതൃത്വത്തിന് സാധിക്കുന്നില്ല.
പാര്‍ട്ടി പൂര്‍ണ്ണമായും പ്രതിരോധത്തിലാകുമ്പോള്‍ പിണറായിയുടെയും കണ്ണൂര്‍ ലോബിയുടെയും അപ്രമാദത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കം ചില ഭാഗങ്ങളില്‍ നിന്നുണ്ട്. തോമസ് ഐസക്, എം.എ. ബേബി, സി.എസ്. സുജാത തുടങ്ങിയവരെല്ലാം കണ്ണൂര്‍ ലോബിയുടെ തള്ളിക്കയറ്റത്തില്‍ കാലങ്ങളായി അസംതൃപ്തിയുള്ളവരാണ്. സ്വര്‍ണ്ണക്കടത്തുള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വാധീനമുറപ്പിക്കാനുള്ള നീക്കം ഫലത്തില്‍ കണ്ണൂര്‍ ലോബിക്കെതിരായ പടയൊരുക്കം കൂടിയാണ്. ബന്ധുനിയമനം, സ്പ്രിങ്ക്‌ളര്‍ വിവാദം, സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് ചില ആളുകളുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണെന്ന വാദമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
ദശാബ്ദങ്ങളായി പാര്‍ട്ടിക്കകത്ത് കണ്ണൂര്‍ ലോബിക്കെതിരായ പ്രതിഷേധവും പ്രതിരോധവുമുണ്ട്. വിവാദ വിഷയങ്ങളില്‍ പലഘട്ടങ്ങളിലും പിണറായി ഒറ്റപ്പെട്ടു പോകുന്നത് സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയും സ്വജന പക്ഷപാതവും കൊണ്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്ന ദുര്‍ബലമായ പ്രതിരോധത്തില്‍ മനസ്സാ സന്തോഷിക്കുന്നവരാണ് എതിര്‍ വിഭാഗം.
ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വരുമ്പോഴും മറുവിഭാഗം നിശ്ശബ്ദത പാലിക്കുന്നത് പരമാവധി നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ആരെയും ശത്രുക്കളാക്കാതെ പരമാവധി ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുകയെന്ന നിലപാടാണ് പലഭാഗത്തു നിന്നുമുണ്ടാകുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആരെയും ശത്രുക്കളാക്കേണ്ടെന്ന നിലപാടാണ് സ്ഥാനമോഹികള്‍ സ്വീകരിക്കുന്നത്. ആശ്രിതരെയും അനുകൂലകളെയും താക്കോല്‍ സ്ഥാനത്ത് തിരുകിക്കയറ്റുന്ന നേതൃത്വത്തിന് കീഴ്ഘടകങ്ങളെ നിയന്ത്രിക്കാനാവാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: