കണ്ണൂര്‍: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ കുടുംബത്തോടൊപ്പം മാതൃകാപരമായ ജീവിതം നയിക്കാന്‍ കഴിയത്തക്കവിധത്തില്‍ ഓരോ അന്തേവാസിക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിനാണ് ജയില്‍വകുപ്പ് ശ്രമിക്കുന്നതെന്നും ജയിലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് സ്ഥാപിച്ച പെട്രോള്‍ പമ്പുകളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിന് പുറമെ വിയ്യൂര്‍, തിരുവനന്തപുരം എന്നീ സെന്‍ട്രല്‍ ജയിലുകളിലും, ചീമേനി ഓപ്പണ്‍ പ്രിസണിലുമാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ജയില്‍ വകുപ്പിന്റെ സ്ഥലത്ത് 2019 ഡിസംബറിലാണ് പെട്രോള്‍ പമ്പുകളുടെ നിര്‍മാണം ആരംഭിച്ചത്. 30 വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സ്ഥലം പാട്ടത്തിന് ഏറ്റെടുത്തിട്ടുള്ളത്. ഇത് വഴി പ്രതിമാസം 5.9 ലക്ഷം രൂപ സര്‍ക്കാരിന് വാടകയിനത്തില്‍ ലഭ്യമാകും.
സെന്‍ട്രല്‍ ജയിലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിന്റെ പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ. എം. ഷാജി എംഎല്‍എ, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. വിനോദ്, കൗണ്‍സിലര്‍ ടി.കെ. വസന്ത, ജില്ലാ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് ടി. ബാബുരാജന്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് സെയില്‍സ് മാനേജര്‍ ജസീല്‍ ഇസ്മായില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: