ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്തും ചേര്‍ന്ന് മൗറീഷ്യസിലെ പുതിയ സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയുടെ സഹായത്തോടെയാണ് മൗറീഷ്യസ് തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ സുപ്രീം കോടതി സമുച്ചയം പണിതീര്‍ത്തത്.
മൗറിഷ്യസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ കെട്ടിമാണിത്. 28.12 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് മൗറീഷ്യസിനു ധനസഹായമായി ഇന്ത്യ നല്‍കിയത്.
സഹകരണത്തിലൂടെ വികസനം കൊണ്ടുവരണമെന്നതാണ് ഇന്ത്യയുടെ നയമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ ജനപങ്കാളിത്തത്തോടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ പങ്ക് വലുതാണ്. ആധുനിക ഡിസൈനിലും നവീന സൗകര്യങ്ങളിലും നിര്‍മ്മിച്ച കെട്ടിടം മൗറീഷ്യസിലെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇരിപ്പിടമായിരിക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയേ ചെലവായുള്ളു. ഇരു രാജ്യങ്ങളും പുലര്‍ത്തുന്ന മൂല്യങ്ങളുടേയും പ്രതീകങ്ങളുടെ പ്രതീകമായി കെട്ടിടം നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണത്തിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയപരമോ വാണിജ്യപരമോ ആയ ഉപാധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തില്‍ പങ്കാളികളാകുന്നവരെ ബഹുമാനിക്കണമെന്ന അടിസ്ഥാന മൂല്യബോധവും ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവം പങ്കുവയ്ക്കലുമാണ് ഇതിലൂടെ നടക്കുന്നത്. ഇന്ത്യയുടെ വികസന സഹകരണമെന്നത് ആദരം, വൈവിധ്യം, ഭാവിയിലേക്കുള്ള കരുതല്‍, സുസ്ഥിര വികസനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ സഹായത്തിനു നന്ദി പറഞ്ഞ മൗറിഷ്യസ് പ്രധാനമന്ത്രി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തേയും സഹകരണത്തേയുമാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സഹകരണത്തോടെയുള്ള സുപ്രീം കോടതി സമുച്ചയ നിര്‍മ്മാണം മൗറീഷ്യസിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ പുതിയ നാഴികക്കല്ലായി മാറിയെന്നും ഇത് മൗറീഷ്യസ് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമവും പ്രാപ്യവും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: