പീരുമേട്: പട്ടുമലയില്‍ കൊറോണ രോഗ ബാധിതയുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ ജനവാസ മേഖല ഒന്നാകെ ആശങ്കയില്‍. കണ്ടെയ്മെന്റ് സോണിലടക്കം വീട് കയറിയിറങ്ങിയ പാസ്റ്റര്‍ക്ക് രോഗം കണ്ടെത്തിയതോടെ പീരുമേട്ടില്‍ ആറ് വാര്‍ഡുകള്‍ കൂടി കഴിഞ്ഞ ദിവസം കണ്ടെയ്മെന്റ് സോണാക്കിയിരുന്നു.
13-ാം വാര്‍ഡിലെ പാമ്പനാര്‍ പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏതാണ് 200ല്‍ അധികം വീടുകള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് ഡിഎംഒ അടക്കമുള്ളവര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം പുരോഗമിക്കുകയാണ്. പ്രദേശവാസിക്ക് രോഗം കണ്ടെത്തിയതോടെ ഈ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ പാസ്റ്റര്‍ മേഖലയിലെ വീടുകളില്‍ കയറിയിറങ്ങി കൊറോണ പോകുന്നതിനായി തലയില്‍ കൈവെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയായിരുന്നു. നാട്ടുകാര്‍ പരാതിപെട്ടതിനെ തുടര്‍ന്ന് പാസ്റ്ററെ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പീരുമേട്ടിലെ ക്വാറന്‍ൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നാലെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഫലം പുറത്ത് വന്നത് തോട്ടം മേഖലയായ ഒരു പഞ്ചായത്തിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. വലിയ തോതില്‍ ഇവിടെ കൊറോണ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഇയാള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കാതെയാണ് വീടുകള്‍ കയറി ഇറങ്ങിയത്.
കൊറോണ ബാധിച്ച സഹോദരനെ സന്ദര്‍ശിച്ച ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളിയായ വീട്ടമ്മയുടെ പഴയ പാമ്പനാറിലെ വീട്ടിലെത്തിയാണ് പാസ്റ്റര്‍ പ്രാര്‍ത്ഥന നടത്തിയത്. പ്രദേശവാസികള്‍ വിലക്കിയെങ്കിലും ഇത് മുഖവിലക്കെടുക്കാതെ ഇയാള്‍ വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. താന്‍ നിരീക്ഷണത്തിലാണെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും ഇതും ഇയാള്‍ ചെവിക്കൊണ്ടില്ല.
പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്ററെ നടപടി എടുത്ത് മാറ്റി നിര്‍ത്തിയേക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാള്‍ വീടുകള്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തില്‍ പാസ്റ്ററെ പോലീസ് ഇടപെട്ടാണ് പിടികൂടിയതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പീരുമേട് സിഐയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: