തൃശൂര്‍: ജില്ലയുടെ പല പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപെട്ടു. ശക്തമായ മഴയില്‍ തൃശൂര്‍ നഗരം വെള്ളക്കെട്ടിലായി. പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന് വാഹനഗതാഗതം തടസപെട്ടു.
ഏറെ നേരം വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ശക്തന്‍നഗറിന് സമീപമുള്ള ഇക്കണ്ടവാര്യര്‍ റോഡ് വെള്ളത്തില്‍ മുങ്ങി. സ്വരാജ് റൗണ്ടിലടക്കം അശാസ്ത്രീയമായി കാനകള്‍ നിര്‍മ്മിച്ചതാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. സുഗമമായി വെള്ളം ഒഴുകി പോകാനുള്ള ഡ്രെയ്നേജ് സംവിധാനമില്ലാത്തതിനാല്‍ മഴ പെയ്താലുടന്‍ നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലാകുകയാണ്. സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിയ്ക്ക് മുന്‍വശം, ഹൈറോഡ്, ചെട്ടിയങ്ങാടി, കുറുപ്പംറോഡ്, വെളിയന്നൂര്‍, ശക്തന്‍നഗര്‍ ടിബി റോഡ്, ദിവാന്‍ജിമൂല തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
വടക്കുന്നാഥ ക്ഷേത്രമൈതനാത്തെ പ്ലാവ്പൊട്ടി സ്വരാജ് റൗണ്ടിനോട് ചേര്‍ന്ന് വീണു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മണികണ്ഠനാല്‍ ക്ഷേത്രത്തിന് പിന്നിലുള്ള പ്ലാവാണ് പൊട്ടി വീണത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.
മണ്ണുത്തി ബൈപാസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ മേല്‍പാലത്തിലും വെള്ളം കെട്ടിനിന്നതിനാല്‍ യാത്ര ദുഷ്കരമായി. തീരദേശത്ത് കടലേറ്റം രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴയില്‍ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി അയ്യരുകുന്ന് ഹാപ്പി നഗറില്‍ വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. . തിരുവത്ര പുത്തന്‍കടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് ഭാഗത്ത് കാറ്റിലും മഴയിലും കാറ്റാടി മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കേരന്റകത്ത് ഷരീഫയുടെ ഓട് വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സംഭവസമയത്ത് വീടിനുള്ളില്‍ ആരുമില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളാങ്കല്ലൂര്‍ കരൂപ്പടന്നയില്‍ ശക്തമായ മഴയില്‍ കുന്നിടിഞ്ഞ് വീണ് വീടിന് നാശനഷ്ടം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കരൂപ്പടന്ന ഇടവഴിക്കല്‍ സിറാജുദ്ധീന്റെ വീടിന് പുറക് വശത്താണ് കുന്നിടിഞ്ഞ് വീണ് നാശ നഷ്ടമുണ്ടായത്. വലിയൊരു ശബ്ദത്തോടെ കുന്നിലെ കല്ലും മണ്ണും വീടിന് പുറക് വശത്തെ അടുക്കള ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വീഴ്ചയില്‍ വീടിന്റെ പുറക് വശത്തെ കോലാഴിയുടെ ഭിത്തി തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവമറിഞ്ഞു തഹസില്‍ദാര്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തു അധികൃതര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഷാനവാസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: