കൊച്ചി: രണ്ടുവര്‍ഷമായി സംസ്ഥാനത്തെ പല സര്‍ക്കാര്‍ കോളേജുകള്‍ക്കും പ്രിന്‍സിപ്പാള്‍മാരില്ല. യുജിസി മാനദണ്ഡ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ കടുംപിടിത്തമാണ് ഇതിനു കാരണം. വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ ചില വ്യക്തിതാല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. 2020 ഫെബ്രുവരിയില്‍ പ്രിന്‍സിപ്പാള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും നിയമനം നടക്കുന്നില്ല.
യുജിസി മാനദണ്ഡങ്ങളും പുതിയ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചേ നിയമനം പാടുള്ളുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഇഷ്ടക്കാരെ നിയോഗിക്കാന്‍ മന്ത്രി നിയമനം വൈകിക്കുകയാണ്. സംസ്ഥാനത്ത് സര്‍വകലാശാലാ, കോളേജ് തലത്തില്‍, യുജിസിയുടെ ഏഴാം നിര്‍ദേശം ഇതിനകം നടപ്പാക്കിയിരുന്നു. അതനുസരിച്ചാണ് സര്‍വകലാശാലകളില്‍ ഈയിടെ അധ്യാപക നിയമനം നടത്തിയതും. അധ്യാപക വിന്യാസത്തിനും സ്ഥാനക്കയറ്റത്തിനും ഇത് ബാധകമാണ്.
പുതിയ വ്യവസ്ഥകളില്‍ കോളേജ് പ്രിന്‍സിപ്പാള്‍ നിയമനത്തിലും മാറ്റമുണ്ട്. സീനിയോറിറ്റി, പിഎച്ച്ഡി തുടങ്ങിയ പഴയ മാനദണ്ഡങ്ങള്‍ പോരാ. അസോസിയേറ്റ് പ്രൊഫസര്‍ഷിപ്പും പിഎച്ച്ഡിയും നിര്‍ബന്ധമാണ്. 15 വര്‍ഷത്തെ അധ്യാപന പരിചയം, അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ കുറഞ്ഞത് 10 ആര്‍ട്ടിക്കിളുകള്‍, നാലു വിഭാഗങ്ങളിലായി 110 സ്കോര്‍ പോയിന്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്ക്രീനിങ് ആന്‍ഡ് സെലക്ഷന് കമ്മിറ്റിയുടെ ശുപാര്‍ശ എന്നിവയാണ് യോഗ്യത.
ഈ വ്യവസ്ഥകളില്‍ പ്രിന്‍സിപ്പാള്‍ നിയമന നടപടികള്‍, 2020 ഫെബ്രുവരി ആദ്യവാരം തുടങ്ങി. സ്ക്രീനിങ് ആന്‍ഡ് സെലക്ഷന് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇനി കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചെയ്താല്‍ മതി.
പക്ഷേ, ഈ വ്യവസ്ഥകള്‍ പ്രകാരം യോഗ്യതയുള്ള ‘സ്വന്തക്കാരെ’ കിട്ടാത്തതിനാലാണ് നിയമനം നീട്ടുന്നത്.മന്ത്രിയാണ് വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാനദണ്ഡങ്ങള്‍ പ്രകാരം വേണം നിയമനം എന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: