വാഷിങ്ടണ്‍: കൊറോണ വൈറസ് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ ചൈന ചോര്‍ത്താന്‍ ശ്രമിക്കുന്നതായി യുഎസ്. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് യുഎസിന്റെ പ്രതിരോധ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതിനെ തുടര്‍ന്ന് എഫ്ബിഐ വാക്സിന് ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ബന്ധപ്പെട്ടു.
ടെക്സാസ് സര്‍വകലാശാല എഫ്ബിഐ അന്വേഷണത്തെ കുറിച്ച് സര്‍വകലാശാല ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ വാക്സിന് ഉള്‍പ്പടെയുളള അമേരിക്കന്‍ സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഇമെയില്‍ സന്ദേശത്തില്‍ സൂചനയുണ്ട്.
നിലവിലുളള ദേശീയ സാഹചര്യം ഗവേഷണസംഘത്തിലെ ചില അംഗങ്ങളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഇമെയില്‍ സന്ദേശം. ആരെയാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നോ എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചതെന്നോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ, ആരുടെയെങ്കിലും വിവരങ്ങളോ എഫ്ബിഐ ഏജന്റുമാര്‍ക്ക് കൈമാറിയിട്ടില്ലെന്നും ഇമെയില്‍ പരാമര്‍ശിക്കുന്നു.
യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ വ്യാപാര- സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്ന് യുഎസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കോണ്‍സുലേറ്റ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ഇത് പൂട്ടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മോഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
യുഎസിന്റെ ബയോ മെഡിക്കല്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തിയുടെ പ്രഭവകേന്ദ്രമാണ് കോണ്‍സുലേറ്റെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. എംഡി ആന്‍ഡേഴ്സണിലെ മൂന്ന് ശാസ്ത്രജ്ഞരെയും ചാരവൃത്തി ആരോപിച്ച് പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്കോള്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു. കൊറോണ പ്രതിരോധ വാക്സിന് മോഷ്ടിക്കാനായി ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ടെക്സാസ് മെഡിക്കല്‍ സെന്ററില്‍ വാക്സിന് ഗവേഷണം നടക്കുന്നുണ്ട്. ആ വാക്സിന് മോഷ്ടിക്കാന്‍ അവര്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് അറിയാം. അതുവഴി കൊറോണ വൈറസിന് ഉത്തരവാദികളായവര്‍ തന്നെ വാക്സിന് അവതരിപ്പിച്ച വൈറസില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് ലോകത്തിനുമുന്നില്‍ അവകാശപ്പെടാനാണ് ശ്രമിക്കുന്നതെന്നും മൈക്കിള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: