കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയിലേക്കും അന്വേഷണം നീളുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയ ശേഷവും ജയഘോഷ് സ്വപ്നയേയും സരിത്തിനേയും നിരന്തരം ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണ്മാനിലേക്ക് അന്വേഷണം നീളുന്നത്.
ജൂലൈ ഒന്നു മുതല്‍ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇതിനായി ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ജയഘോഷിന് ഉടന്‍ നോട്ടീസ് നല്‍കും. സ്വപ്നയേയും സരിത്തിനേയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവെച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
കേസിലെ മുഖ്യ പ്രതികളായ സ്വപ്നയും സന്ദീപും നിലവില്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷന് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ അസോസിയേഷന് നേതാവ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരു തവണ കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വിട്ടയച്ചതുമാണ്. സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളില്‍ വ്യക്തത വരുത്താനാണ് അസോസിയേഷന് നേതാവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: