രഥയാത്രക്കും ശ്രീരാമജ്യോതിക്കും ശിലാപൂജക്കും ഗ്രാമജനതയുടെ ആവേശവും പങ്കാളിത്തവും അനുഗ്രഹവും, ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഒപ്പുശേഖരണത്തിലെ ഹിന്ദുക്കളുടെ ആത്മാത്ഥമായ സഹകരണവും പങ്കാളിത്തവും… ആവേശം നിറഞ്ഞ അന്നത്തെ അനുഭവം വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ക്കുകയാണ് പഴശ്ശിയിലെ ടി.സി. മോഹനന്. 1990 ഒക്ടോബര്‍ 23ന് പകല്‍ 11-40ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര പുറപ്പെട്ടു.
മയ്യില്‍ മേഖലയില്‍ നിന്നു മോഹനനെ കൂടാതെ പഴശ്ശിയില്‍ നിന്നു കെ.കെ. നാരായണന് പാവന്നൂര്‍, കെ.കെ. രാജന് കുറ്റിയാട്ടൂര്‍, കെ. ഭുവനേഷ് കുമാര്‍ ഇരുവാപ്പുഴ നമ്പ്രം, സി. മോഹനന് എട്ടേയാര്‍ എന്നിവര്‍ വിവിധ ഗ്രാമങ്ങളൂടെ പ്രതിനിധികളായി 5 കര്‍സേവകര്‍. അയോധ്യ ലക്ഷ്യമാക്കിയുളള താനടക്കമുളള സ്വയംസേവകര്‍ക്ക് നാട്ടുകാര്‍ നല്കിയ വികാരനിര്‍ഭരമായ യാത്രയയപ്പ് ഇന്നലെ കഴിഞ്ഞതു പോലെ മനസ്സിലൂടെ കടന്നു പോകുന്നു. 23 ന് പുറപെട്ട സംഘത്തെ ഒക്ടോബര്‍ 25ന് ഝാന്‍സിയില്‍ വെച്ച് അറസ്റ്റ് ചെയ്യകയും അവിടെ നിന്ന് ഏകദേശം 85 കി.മീ അകലെ ലളിത്പൂര്‍ ഇന്റര്‍മീഡിയറ്റ് കോളേജിലൊരുക്കിയ താത്കാലിക ജയിലില്‍ 8 ദിവസം തടവിലിട്ടു.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ല്‍ അധികം കര്‍സേവകര്‍ അവിടെ ഉണ്ടായിരുന്നു. വളരെ ക്രൂരമായാണ് കര്‍സേവകരോട് മുലായംസിംഗ് സര്‍ക്കാരിന്റെ പോലീസ് പെരുമാറിയതെന്ന് മോഹനന് ഓര്‍ക്കുന്നു. ഭക്ഷണവും വെള്ളവും പോലും കൃത്യമായി നല്‍കിയില്ല. ക്രൂരമര്‍ദ്ദനവും.
‘ഒക്ടോബര്‍ 28ന് സംഘത്തിലുണ്ടായിരുന്ന എല്ലാവരേയും ഭയപ്പെടുത്തിയ ഭയാനക സംഭവം ഉണ്ടായി. ഞങ്ങള്‍ വിശ്രമിച്ചു കൊണ്ടിരിക്കെ നൂറുകണക്കിന് പോലീസുകാര്‍ ജയിലില്‍ ഇരച്ചുകയറി അതിക്രൂരമായി ആക്രമിച്ചു. ടിയര്‍ഗ്യാസ് ഷെല്‍ പ്രയോഗിക്കുകയും മുറിയുടെ വാതില്‍ അടച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ജീവന് തന്നെ അപകടത്തിലായ നിമിഷം. എന്നാല്‍ ശ്രീരാമാനുഗ്രഹമെന്നു പറയട്ടെ ഏതൊക്കെയോ തരത്തില്‍ വാതില്‍ തുറന്നു പുറത്തുവന്ന ഒരു കൂട്ടം കര്‍സേവകരും നിലത്ത് കൂടി ഇഴഞ്ഞ് പുറത്തേക്ക് വന്ന ചിലരും ചേര്‍ന്ന് മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന 4 കര്‍സേവകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. അത് അവിടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അന്നത്തെ സ്ഥലം എംപി അടക്കം ശക്തമായി ഇടപെട്ടതിന്റെ ഫലമായി 4 പേരെയും രാത്രി വിട്ടയച്ചു. രണ്ട് ദിവസം ലളിത്പൂര്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മര്‍ദ്ദനത്തില്‍ എനിക്കും, കെ.കെ. നാരായണന്, സി. മോഹനന് എന്നിവര്‍ക്കും സാരമായ പരിക്കേല്‍ക്കുകയുണ്ടായി. പിന്നീട് ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വന്നിരുന്നു…’ മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ സംഭവങ്ങള്‍ മോഹനന് ഓര്‍ത്തെടുക്കുന്നു.
സുപ്രധാന ദിവസമായിരുന്ന 30ന് കര്‍സേവ നാളില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും പാര്‍പ്പിച്ച സ്ഥലത്ത് വെച്ച് സംഘാംഗങ്ങള്‍ രാവിലെ 9.44 മുതല്‍ 11.38 വരെ ഗംഭീരമായ പൂജയും നാമജപയജ്ഞവും നടത്തി. കര്‍സേവ നടന്നത് അറിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും. 31ന് കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ജയില്‍ മോചിതരാക്കി. എട്ട് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കേരളത്തില്‍ നിന്നുള്ളവരെയും വിട്ടയച്ചു. പിരിയുന്ന നേരം വളരെ വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. പലരും ആത്മബന്ധത്തിന്റെയും അഗാധമായ ശ്രീരാമഭക്തിയുടെയും നിര്‍വൃതിയില്‍ കണ്ണീര് വാര്‍ത്തുകൊണ്ടാണ് യാത്രപറഞ്ഞത്.
‘ഞങ്ങളുടെ വാഹിനിയെ നയിച്ചത് വിശ്വഹിന്ദു പരിഷത്ത് ഓര്‍ഗൈനസര്‍ അപ്പുക്കുട്ടി ചേട്ടനായിരുന്നു. ജില്ലയില്‍ നിന്നും പ്രകാശന് മാസ്റ്റര്‍, മാനനീയ സംഘചാലക് ചന്ദ്രേട്ടന് എന്നിവര്‍ നയിച്ച മറ്റാരു വാഹിനിയും ഒപ്പം ഉണ്ടായിരുന്നു. അവരെ മറ്റൊരു സ്ഥലത്തായിരുന്നു പോലീസ് തടഞ്ഞുവെച്ചത്. തിരിച്ച് വരുമ്പോള്‍ എല്ലാവരും ഒന്നിച്ചായിരുന്നു. നേതൃത്വത്തിന്റെ തിരുമാനപ്രകാരം നവംബര്‍ 2 ന് – നാട്ടിലേക്ക് യാത്ര തിരിച്ചു.’
മുണ്ടേരി ചന്ദ്രന് ചേലേരി, ചന്ദ്രഭാനു കണ്ണാടിപറമ്പ് എന്നിവരും മയ്യില്‍ മേഖലയില്‍ നിന്ന് കര്‍സേവയില്‍ പങ്കുകൊളളാനായി പോവുകയുണ്ടായി. ആഗസ്ത് 5ന് അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഭൂമിപൂജ നടക്കുമ്പോള്‍ ശ്രീരാമ ഭഗവാന് ജന്മസ്ഥലത്ത് ക്ഷേത്രമുയരുന്നതിന് ഹൈന്ദവ സംഘടനകള്‍ നടത്തിയ പോരാട്ടത്തില്‍ ഭാഗഭാക്കാവാന്‍ സാധിച്ചതിലുള്ള അഭിമാനവും ഒപ്പം ക്ഷേത്രം എത്രയും പെട്ടെന്ന് യാഥാര്ത്ഥ്യമാകട്ടെയെന്ന പ്രാര്‍ത്ഥനയുമാണ് മോഹനന്റെ മനസ്സുനിറയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: