തിരുവനന്തപുരം: പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബങ്ങളുടെ വീട് ഇടിച്ചുനിരത്തി. ആറ്റിപ്ര മണ്‍വിളയില്‍ കഴക്കൂട്ടം പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് നരനായാട്ട് നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉടുതുണിപോലും മാറാന്‍ സമ്മതിക്കാതെ വലിച്ചിഴച്ച് പോലീസ്സ്റ്റേഷനുള്ളില്‍ 10 മണിക്കൂര്‍ അടച്ചിട്ടു. കുടുംബങ്ങളെ ഇറക്കി വിട്ടത് 98 വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ രാജാവ് പതിച്ചുനല്‍കിയ ‘ഒറ്റി ഭൂമി’യില്‍ നിന്നും. വീടുകളും കൃഷിയും ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കി. തൃപ്പരപ്പൂര് ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടുള്ള കുടുംബത്തെയാണ് അക്രമിച്ചത്.
ആറ്റിപ്ര മണ്‍വിള ചെങ്കോടിക്കാട് 47 സെന്റ് ഭൂമിയിലെ ആറ് വീടുകളാണ് സിപിഎം ഗുണ്ടകളും പോലീസും ചേര്‍ന്ന് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ 100ല്‍ അധികം പോലീസുകാരും സിപിഎം ഗുണ്ടകളും ഇവരുടെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഉറങ്ങി കിടന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും മേല്‍മുണ്ട് പോലും ഇടാന്‍ അനുവദിക്കാതെ വലിച്ചിഴച്ച് വാഹനത്തിനുള്ളില്‍ കയറ്റി. കുളിച്ചുകൊണ്ട് നിന്ന പുരുഷന്മാരെ പോലും അതേവേഷത്തിലാണ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഒരുമുറിക്കുള്ളില്‍ വൈകിട്ട് മൂന്നുവരെ 10 മണിക്കൂറോളം പൂട്ടിയിട്ടു. ഇവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയതുമില്ല. ഈ സമയം കൊണ്ട് ഗുണ്ടകളും പോലീസും ചേര്‍ന്ന് വീടും മരങ്ങളും കൃഷിയും നിലംപരിശാക്കി. വീടിനുള്ളില്‍ നിന്നും സാധനങ്ങള്‍ വലിച്ചുവാരി പുറത്ത് ഇട്ടു.
ഇവരുടെ സാധനങ്ങള്‍ എടുത്ത് മാറ്റുവാന്‍ പോലും പോലീസ് അനുവദിച്ചില്ല. ആകെ സമ്പാദ്യവും വിവിധ രേഖകളും എല്ലാം നശിപ്പിച്ചു. കൊറോണയുടെ മറവില്‍ സാമൂഹിക പ്രവര്‍ത്തകരെപ്പോലും അടുക്കാന്‍ അനുവദിച്ചില്ല. എല്ലാം മഴയില്‍ നശിച്ചു. തുടര്‍ന്ന് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.
പത്ത് മണിക്കൂറിന് ശേഷമാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടികളും സ്ത്രീകളും അടങ്ങിയ കുടുംബം പെരുമഴയത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ നിലയുറപ്പിച്ചു. കുട്ടികള്‍ ഭക്ഷണം പോലും കിട്ടാതെ നിലവിളിച്ചതോടെ ഇവരെ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് സി. മോഹനകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഭൂമി തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രസേവനത്തിന് നല്കിയ ഭൂമി
1922 ല്‍ തിരുവിതാകൂര്‍ മഹാരാജാവ് ഇവരുടെ പൂര്വികന് അനന്തകാളിക്ക് ഒറ്റിയായി പതിച്ചുനല്‍കിയിതായിരുന്നു 47 സെന്റ് ഭൂമി. ശ്രീപദ്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തൃപ്പാപ്പൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് പള്ളിവേട്ടയക്ക് ചൂട്ടുകറ്റകെട്ടി വെളിച്ചം നല്‍കുന്നതിന് ഈ കുടംബങ്ങളാണ്. അതിനായിരുന്നുപാരിതോഷികം. ആറ്റിപ്രവില്ലേജില് ഈ ഭൂമിയുടെ രേഖകള്‍ ഉള്ളത് അനന്തകാളിയ്ക്ക് തിരുവിതാകൂര്‍ രാജാവ് ഒറ്റി പതിച്ച് നല്കിയ ഭൂമി എന്നാണ്.
ജോലിക്ക് പാരിതോഷികം നല്കുന്ന ഭൂമി 10 വര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം ആകും. എന്നാല്‍ ഇതിനെപറ്റിയുള്ള അജ്ഞതകാരണം ഇവര്‍ പട്ടയത്തിന് അപേക്ഷ നല്‍കുകയോ കരം അടയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതറിയാവുന്ന സമീപവാസിയുടെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടകളും വില്ലേജിലെ സിപിഎം അനുഭാവികളും ചേര്‍ന്ന് വ്യാജരേഖ ചമച്ച് ഭൂമി അവരുടേതെന്ന് വ്യാജരേഖയുണ്ടാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
കൃത്യമായി കേസ് നടത്താനറിയാത്തതിനാല്‍ മുന്‍സിഫ് കോടതിയില്‍ ഇവര്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് ഇവര്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ സമീപിക്കുകയും കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തു. സ്റ്റേയുടെ കാലാവധി ഈമാസം 17 വരെയായിരുന്നു. എന്നാല്‍ കോറോണ കാലത്ത് ജപ്തി നടപടകിളും ഒഴിപ്പിക്കലുകളും ഉണ്ടാകരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ട്. കൊറോണക്കാലമായതിനാല്‍ തുടര്‍ന്ന് മുന്‍സിഫ് കോടകിയെ സമീപിക്കാനുമായില്ല. മാത്രമല്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും നിലവിലുണ്ട്. ഇതെല്ലാം നിലനില്‍കെയാണ് പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബത്തെ തെരുവിലിട്ട് ചവുട്ടിമെതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: