ലഖ്നൗ: രാജ്യത്തേറ്റവും കൂടുതല്‍ സാംപിളുകള്‍ ഒറ്റ ദിവസം പരിശോധിക്കുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം റാപ്പിഡ് ആന്റിജന്‍ പരിശോധനയാണ് ഇവിടെ നടന്നത്.
ഇതുവരെ ഏറ്റവും കൂടുതല്‍ കൊറോണ പരിശോധനകള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഉത്തര്‍പ്രദേശ്. തമിഴ്നാടാണ് ഒന്നാമത്, 24.14 ലക്ഷം സാംപിളുകള്‍. ഉത്തര്‍പ്രദേശ് 19.41 ലക്ഷം, മഹാരാഷ്ട്രയാണ് മൂന്നാമത്, 19.25 ലക്ഷം.
മെയ് അവസാനം വരെ പരിശോധനകളുടെ കാര്യത്തില്‍ ഏറെ പിന്നിലായിരുന്നു ഉത്തര്‍പ്രദേശ്. ജൂണില്‍ ആന്റിജന്‍ പരിശോധകള്‍ വര്‍ധിപ്പിച്ചതോടെയാണ് ദിനംപ്രതി ഒരു ലക്ഷത്തിലധികം പേരെ പരിശോധിക്കാനായത്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം പേരെയാണ് രാജ്യത്താകെ ഒരു ദിവസം പരിശോധിക്കുന്നത്. ഇത് പത്തു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദിനംപ്രതി 10,000 സാംപിളുകള്‍ പരിശോധിക്കുന്ന സൗകര്യങ്ങളുള്ള മൂന്ന് ഐസിഎംആര്‍ ലാബുകള്‍ മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്, 7,924. ആകെ ബാധിതര്‍ 3,83,723. ആകെ മരണം 13,883. തമിഴ്നാട്ടില്‍ പുതുതായി 6,993 പേര് വൈറസ് ബാധിതരായി. 3,571 പേരാണ് ഇതുവരെ മരിച്ചത്. ആകെ ബാധിതര്‍ 2,20,716.
രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള പത്ത് സംസ്ഥാനങ്ങളില്‍ 1,000ത്തില്‍ താഴെ പുതിയ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത് ദല്‍ഹിയില്‍. 613 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആകെ ബാധിതര്‍ 1,31,219. മരണം 3,853. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും വൈറസ് ബാധിതര്‍ വര്‍ധിക്കുന്നു. ആന്ധ്രയില്‍ 6,000ത്തിലധികവും കര്‍ണാടകത്തില്‍ 5,000ത്തിലധികവും പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടിടങ്ങളിലും ആകെ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: