Categories: Kollam

കോവിഡ് പരിശോധനയില്‍ ഗുരുതര പിഴവ്; വീട്ടമ്മയെആരോഗ്യവകുപ്പ് കൊറോണ ബാധിതയാക്കി,

കോവിഡ് പരിശോധനയില്‍ വീണ്ടും ഗുരുതര വീഴ്ച. വീട്ടമ്മയെ കൊറോണ ബാധിതയാക്കി ആരോഗ്യവകുപ്പ്.

കൊല്ലം: കോവിഡ് പരിശോധനയില്‍ വീണ്ടും ഗുരുതര വീഴ്ച. വീട്ടമ്മയെ കൊറോണ ബാധിതയാക്കി ആരോഗ്യവകുപ്പ്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ 24ന് ഓപ്പറേഷന്‍ സംബന്ധിച്ച പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കുമായി കഴിഞ്ഞ 18ന് ആശുപത്രിയില്‍ എത്തി കോവിഡ് ടെസ്റ്റ് അടക്കമുള്ളവ നടത്തി വീട്ടിലേക്ക് മടങ്ങി.

19ന് പരിശോധനയില്‍ സംശയം ഉണ്ട് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12.28ന് ഡിഎംഒ ഓഫീസില്‍ നിന്നും കോവിഡ് പോസിറ്റീവ് ആണെന്നും ആംബുലന്‍സ് എത്തുമെന്നും അറിയിപ്പെത്തി. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച വീട്ടമ്മയെ കൊറോണ വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം പ്രവേശിപ്പിച്ചു. ഇതിനിടയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന്  വീട്ടുകാരെ വിളിച്ചു പറഞ്ഞു.  

രണ്ടാമത്തെ ഫലം നെഗറ്റീവ് ആണെന്ന് ബന്ധുക്കള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും ഇതിനകം രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും നാലു  കോവിഡ് രോഗികള്‍ക്കൊപ്പം കൊട്ടാരക്കരയിലെ കോവിഡ് സെന്ററില്‍ എത്തിച്ചിരുന്നു. പുറകെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയില്‍ നിന്നും രണ്ടാമത്തെ ഫലം എത്തുകയും ചെയ്തു. അത് നെഗറ്റീവ് ആയതോടെ ബന്ധുക്കള്‍ കളക്ടര്‍ക്കും ആരോഗ്യവകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചു പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ കൊണ്ട് വന്ന് നിരീക്ഷണത്തിലാക്കി. 

തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലും നെഗറ്റീവ് ആയി.
പിന്നീട് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയിലും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് എട്ടുദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇതിനകം തന്നെ നാടാകെ വീട്ടമ്മയ്‌ക്ക് കൊറോണയുണ്ടെന്ന വ്യാജപ്രചാരണവും കൂടിയായതോടെ ചാത്തന്നൂര്‍, കാരംകോടു ശീമാട്ടി ജംഗഷനാകെ ആള്‍ക്കാര്‍ മുള്‍മുനയിലായി. 

ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി അധികൃതരും തെറ്റ് മനസിലാക്കിയെങ്കിലും പുറത്തുപറയാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കളും മറ്റും സ്വയം ക്വാറന്റൈനിലേക്ക് മാറിയിരുന്നു.  
അതേസമയം, കോവിഡ് പരിശോധനാഫലം വരും മുമ്പേ രോഗിയെ മെഡിക്കല്‍കോളേജില്‍ കോവിഡ് രോഗികള്‍ക്കൊപ്പം ഇട്ടതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ആശുപത്രി അധികൃതര്‍ക്ക് എതിരെയും ആരോഗ്യവകുപ്പിനെതിരെയും കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

ഇതേ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് ആര്‍എസ്എസ് ചാത്തന്നൂര്‍ നഗര്‍ സംഘചാലക് രാധാകൃഷ്ണന്റെ മരണവും കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞതും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചു സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചതും. 

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ചയാളുടെ  സ്രവമെടുത്ത് പരിശോധനയ്‌ക്ക് അയച്ച കോവിഡ് റിസള്‍ട്ട് നെഗറ്റീവ്  ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ പാളിച്ചകള്‍ക്ക് പുറകെയാണ് വീട്ടമ്മയുടെ ഫലവും നെഗറ്റീവ് ആയത്. ഇതോടെ കോവിഡ് പരിശോധന ഫലംങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: housewife