തിരുവനന്തപുരം: തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്. ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയുള്ള ആശുപത്രി അധികൃതരുടെ നടപടികള്‍ കൈവിട്ടകളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവ ചികിത്സയ്ക്കെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടെ ചികിത്സയ്ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലായത്. അതിനിടെ ഇന്നലെ വീണ്ടും ഒരാള്‍ക്ക് കൂടി രോഗബാധ ഉണ്ടായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് അറിഞ്ഞതോടെ ഇവിടത്തെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അത്യന്തം ആശങ്കയിലാണ്. ഇതുവരെ കൊവിഡ് രോഗബാധയുണ്ടായി എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ഇവിടത്തുകാരുടെ ആശങ്കയേറുകയാണ്.
കൊവിഡ് ചികിത്സ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് രണ്ടുദിവസം കഴിഞ്ഞാണ് ഇവരുടെ സ്രവ പരിശോധനഫലം പോസിറ്റീവായത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എന്നാണ് പറയുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി സമീപവാസികള്‍ പറയുന്നു. പ്രസവ ശേഷം പേവാര്‍ഡില്‍ കഴിഞ്ഞ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായി എന്നാണ് പറയപ്പെടുന്നത്. ഈ സംഭവവും ആശുപത്രി അധികൃതര്‍ പുറത്തറിയിക്കാതെ മറച്ചുവച്ചു എന്നാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെല്ലാം ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതാണ് ആശങ്ക ജനിപ്പിക്കുന്നത്.
കൃത്യമായ പരിശോധനകളോ നിരീക്ഷണമോ കൂടാതെ ചികിത്സയ്ക്കെത്തുന്നവരെ പ്രവേശിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്. ചികിത്സയ്ക്ക് എത്തുന്നവരെ പ്രത്യേകിച്ച് കണ്ടയിന്മെന്റ് സോണുകൡ നിന്ന് വരുന്നവരെ പോലും പ്രത്യേകം നിരീക്ഷിച്ച് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നില്ല. ഏറ്റവുമധികം ശ്രദ്ധവേണ്ട സ്ഥലമാണ് പ്രസവ ചികിത്സാ കേന്ദ്രം. അവിടെ ഒരു തരത്തിലുള്ള വീഴ്ചകളും വരാതെ നോക്കേണ്ട കടമ ഇവിടത്തെ അധികാരികള്‍ക്ക് ഉണ്ട്. ചികിത്സയ്ക്കായി ഇവിടെയെത്തുന്നവരുടെ ഭയാശങ്കകള്‍ ദൂരീകരിക്കേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: