തിരുനെല്ലി: മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്ക്കകോളനിയിലെ മുകുന്ദന്റെ ദുരിതമകറ്റാന്‍ അധികാരികള്‍ കണ്ണു തുറക്കണം. ജീപ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന് കിടപ്പിലാണ്. മുകുന്ദന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് 2009 ഫെബ്രവരി പത്ത്.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍ നടക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് യോഗത്തില്‍ പങ്കെടുക്കുവാന്‍ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്റെ ഓഫിസിലെ ഫോറസ്റ്റര്‍ വിനോദ്കുമാറിന്റെ ജീപ്പില്‍ യാത്ര ചെയ്യുമ്പോളാണ് നായ്ക്കട്ടി പാലത്തിന് സമീപത്ത് വെച്ച് ജീപ്പ് മറിയുന്നത്. ബേഗുര്‍ കോളനിയിലെ മാസ്തി, വിനോദ് എന്നിവര്‍ അപകടത്തില്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.
മുകുന്ദന്റ നട്ടെല്ല് തകര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജുകളില്‍ മാസങ്ങള്‍ നീണ്ട ചികില്‍സ നടത്തിയെങ്കിലും മുകുന്ദന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഭക്ഷണം കഴിക്കണമെങ്കില്‍ ഭാര്യ ബിന്ദു ഭക്ഷണം വാരി കൊടുക്കണം. അതു കൊണ്ട് തന്നെ ബിന്ദുവിന് കൂലി പണിക്ക് പോലും പോകുവാന്‍ കഴിയില്ല. വനം വകുപ്പില്‍ നിന്നും കാര്യമായ ഒരു ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
പലതവണ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസില്‍ ബിന്ദു ഭര്‍ത്താവിന്റെ അവസ്ഥ അറിയിച്ചെങ്കിലും അധികാരികള്‍ മുഖം തിരിക്കുകയാണ് ചെയ്തത്. അപകടത്തില്‍പ്പെട്ട ജീപ്പ് പോണ്ടിച്ചേരി രജിട്രേഷനുള്ള വാഹനത്തിന് രേഖകള്‍ കൃത്യമല്ലത്തിനാല് ഇന്‍ഷുറന്‍സ് അനുകുല്യവും ലഭിച്ചില്ല. കേസ് നടത്തിയ അഭിഭാഷകന് ചികില്‍സ രേഖകള്‍ അടക്കം കേസിന്റെ ആവശ്യത്തിന് കൊണ്ടു പോയെങ്കിലും ഒരു നടപടിയും ഉണ്ടായിെല്ലന്നും രേഖകള്‍ തിരികെ ചോദിച്ചിട്ടും തന്നില്ലെന്നും ബിന്ദു പറഞ്ഞു.
മഴ പെയ്താല്‍ നനയാതെ കിടക്കാന്‍ വീടു പോലുമില്ലാത്ത സ്ഥിതിയാണ് ഇവരുടെതേത്. ഇടയ്ക്ക് പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവത്തകര്‍ എത്തി മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറ്റി നല്‍കും. പലരും ചെയ്യുന്ന ചെറിയ സഹായമാണ് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അധികാരികള്‍ ഇടപ്പെട്ട് തന്റെ ദുരിതത്തിന് പരിഹാരമാക്കുമെന്ന് പ്രതിക്ഷയിലാണ് മുകുന്ദനും കുടുംബവും കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: