ആലപ്പുഴ: ജനപ്രതിനിധികളാകാന്‍ 55 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന സിപിഎം എംഎല്‍എ സജി ചെറിയാന്റെ സമൂഹമാദ്ധ്യമ കുറിപ്പ് പാര്‍ട്ടിയെ വെട്ടിലാക്കി. 55 വയസ് കഴിഞ്ഞവര്‍ ജനപ്രതിനിധികളാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും, ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന് ഫേസ്ബുക്കില്‍ കുറിച്ചത്.
സിപിഎമ്മിലെ ബഹുഭൂരിപക്ഷം ജനപ്രതിനിധികളും, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും പ്രായം അറുപത് പിന്നിട്ടവരാണ്. മൂന്നു നാലും തവണയായി തുടര്‍ച്ചയായി മത്സരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ യുവാക്കള്‍ക്കായി എംഎല്‍എ രംഗത്തെത്തിയത്. ഈ വിഷയം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാന്‍ പൊടുന്നനെ ഇതിനെ എതിര്‍ത്ത് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം പ്രതികരിച്ചത്.
തന്റെ പ്രായം 55 ആണെന്നും സജി ചെറിയാന് ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ എംഎല്‍എ നടത്തിയത് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പൂഴിക്കടകന്‍ അടവാണെന്നാണ് ആക്ഷേപം ഉയരുന്നത്. സജിക്ക് പ്രായം 55 ആയെങ്കിലും, ആദ്യമായാണ് എംഎല്‍എയാകുന്നത്. മാത്രമല്ല ഉപതെരഞ്ഞെടുപ്പിലാണ് ജനപ്രതിനിധിയാകുന്നത്. ഈ സാഹചര്യത്തില്‍ പ്രായപരിധി നിശ്ചയിച്ചാലും സജിക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാനാണ് സാദ്ധ്യത. എന്നാല്‍ സ്ഥിരമായി കുത്തകയാക്കി മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ സജിയുടെ അഭിപ്രായം വിലങ്ങുതടിയാകാനാണ് സാദ്ധ്യത. മാത്രമല്ല അവസരം ആഗ്രഹിക്കുന്ന യുവനേതാക്കളുടെ പിന്തുണ സജിക്ക് വര്‍ദ്ധിക്കുകയും ചെയ്യും.
സജി ചെറിയാന്റെ ഫേസ്ബുക്ക് പൂര്‍ണരൂപം
”രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും… ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാല്‍ അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കില്‍ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..”
അതിനിടെ പോസ്റ്റ് ഏറെ വിവാദമായതോടെ പിന്‍വലിച്ച് എംഎല്‍എ തലയൂരി. വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: