ന്യൂദല്‍ഹി: ഐപിഎല്ലിനു പിന്നാലെ വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളും തുടങ്ങുന്നു. ഇന്നലെ ചേര്‍ന്ന, വിന്‍ഡീസ്, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് യോഗങ്ങള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനുമതി നല്കി.
ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സപ്തംബറില്‍ തുടങ്ങുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെ നിശ്ചയിച്ചിട്ടുള്ള മത്സരക്രമത്തിന്റെ കൃത്യമായ സമയക്രമം വിലയിരുത്താനായി ആഗസ്റ്റ് രണ്ടിന് ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും യോഗം ചേരുന്നുണ്ട്.
ഇതിനു പിന്നാലെയാണ് വിന്‍ഡീസ്, ശ്രീലങ്കന്‍ ബോര്‍ഡുകള്‍ തങ്ങളുടെ പ്രീമിയര്‍ ലീഗുകള്‍ക്ക് സമ്മതം മൂളിയത്. ഐപിഎല്ലും ഓസ്ട്രേലിയയിലെ ബിഗ്ബാഷും കഴിഞ്ഞാല്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ലീഗാണ് വിന്‍ഡീസിലെ കരീബിയന്‍ പ്രീമിയര്‍ ലീഗ്. കൊറോണ വൈറസ് വ്യാപനത്തിനിടെ കര്‍ശന നിര്‍ദേശങ്ങളുമായി ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് പരമ്പരക്കായി ടീമിനെ അയച്ചതും വിന്‍ഡീസ് ക്രിക്കറ്റിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
വിന്‍ഡീസില്‍ ആഗസ്റ്റ് 18ന്
ആഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 10 വരെ ടൂര്‍ണമെന്റ് നടത്താനാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ തീരുമാനം. യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലും താരങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനുള്ള ക്രമീകരണമാണിത്. അടച്ചിട്ട രണ്ട് സ്റ്റേഡിയങ്ങളിലായി ആറ് ടീമുകള്‍ പങ്കെടുക്കും. ആകെ 33 മത്സരങ്ങള്‍. കര്‍ശന നിര്‍ദേശങ്ങളാണ് ലീഗ് നടത്തിപ്പിനായി ബോര്‍ഡ് മുന്നോട്ടുവച്ചത്. സുരക്ഷയോടെ മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കി.
ലങ്കയില്‍ ആഗസ്റ്റ് 28ന്
ലങ്കന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് 28 മുതല്‍ സപ്തംബര്‍ 20 വരെ നടക്കും. അഞ്ച് ടീമുകളാകും മത്സരത്തിനുണ്ടാകുക. നാല് സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങള്‍. കൊളംബോ, കാന്‍ഡി, ഗാലെ, ദാംബുള്ള, ജാഫ്ന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 70 അന്താരാഷ്ട്ര താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: