ഗൂഡലൂര്‍: ഈഴവ, തീയ്യ സംവരണം നടപ്പാക്കി തമിഴ്നാട് സര്‍ക്കാര്‍.മുപ്പതു ലക്ഷത്തോളം വരുന്ന തമിഴകത്തിലെ ഈഴവ,തീയ്യ സമുദായാംഗങ്ങളുടെ നാല്‍പ്പത്തി നാലു വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പിലായത്. 1976ല്‍ നിര്‍ത്തലാക്കിയ സംവരണ അവകാശമാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.
ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനു ശേഷം 1976 വരെ സംസ്ഥാത്ത് പിന്നാക്ക വിഭാഗമായിരുന്നു ഈഴവ,തീയ്യ ജനത. പിന്നീട് വ്യക്തമായ കാരണങ്ങള്‍ പറയാതെ കന്യാകുമാരി ജില്ലയിലെയും ചെങ്കോട്ടയിലേയും ഈഴവതീയ്യ വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം നല്കാന് തീരുമാനിക്കുകയും, തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുകയുമായിരുന്നു.
തിരുക്കൊച്ചി പ്രവിശ്യയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിലേയും ചെങ്കോട്ടയിലേയും സംവരണം നല്‍കുന്നത് തുടരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.മലബാറിന്റെയും, തിരുവിതാംകൂറിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്നും അവരുടെ സംവരണം സംബന്ധിച്ച് കരാറുകളൊന്നും നിലവിലില്ലെന്നുമായിരുന്നു മറ്റൊരു കാരണം പറഞ്ഞിരുന്നത്. നീലഗിരിയിലെ താമസക്കാര്‍ സംസ്ഥാന രൂപീകരണം കഴിഞ്ഞതിനു ശേഷം കുടിയേറിയവരാണെന്നും, അതിനാല്‍ സംവരണം നല്കാന് കഴിയില്ലെന്നുമായിരുന്നു മറ്റൊരു വിശദീകരണം.
രാഷ്ട്രീയ കക്ഷികളുടെ താല്പര്യങ്ങളുടെ ഇരകളായി മാറ്റപ്പെടുകയായിരുന്നു തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ ഈഴവതീയ്യ സമുദായത്തിലെ ഭൂരിപക്ഷം. സംവരണാവകാശം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി നീലഗിരിയിലെ എസ്എന്‍ഡിപി യൂണിയന് നേതൃത്വം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടര്‍ന്ന് നീലഗിരി യൂണിയന് 2016ല്‍ ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി ഫയല്‍ ചെയ്യുകയും തുടര്‍ന്ന് സംവരണം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതോടുകൂടിയാണ് വിഷയം സര്‍ക്കാരിന്റയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധയില്‍ പെടുന്നത്.
എസ്എന്‍ഡിപി യോഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പിന്നാക്ക കമ്മീഷന് ചെയര്‍മാനും തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. കോയമ്പത്തൂര്‍ ഈഴവ,തീയ്യ സേവാസമാജം ഭാരവാഹികള്‍ മന്ത്രി എസ്.പി.വേലുമണിയുടെ സഹായത്തോടെ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു.
സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അതുല്യാ മിശ്രയുടെ അദ്ധ്യക്ഷതയില്‍ നാലംഗ അന്വേഷണക്കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ ജൂണ്‍ 24ന് അതുല്യാമിശ്ര കമ്മീഷന് സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ നടപടിയായിട്ടാണ് ഇപ്പോള്‍ സംവരണ അവകശം പുനര്‍സ്ഥാപിച്ചിരിക്കുന്നത്. പിന്നാക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് കാരണം അര്‍ഹതപ്പെട്ട അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെ കൂലിത്തൊഴിലാളികളായി ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തിനാണ് ഈ തീരുമാനത്തോടെ ആശ്വാസം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: