തിരുവനന്തപുരം: കേരളത്തിലെ വികസന രംഗത്ത് ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ അധിനിവേശമാണെന്നും മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായി കുമ്മനം രാജശേഖരന്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- കേരളത്തിലെ വികസന രംഗത്ത് ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ അധിനിവേശമാണ്. മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ല.
ഏത് പുതിയ സംരംഭത്തിനും ബഹുരാഷ്ട്ര ബന്ധമുള്ള കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് ധൂര്‍ത്തിനും അഴിമതിക്കും സര്‍ക്കാര്‍ വാതില്‍ തുറന്നിടുകയാണ്. കേരളത്തിലെ വ്യവസായ – വാണിജ്യ വ്യാപാര മേഖലകളിലുള്ള ഈ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റംമൂലം നാടിന്റെ സമ്പദ്ഘടന തകരുമെന്നത് മാത്രമല്ല അനധികൃത നിയമനങ്ങളും കോടികളുടെ വന്‍ അഴിമതിയും വഴി പ്രൊജക്റ്റുകള്‍ അവതാളത്തിലാകുകയും ചെയ്യും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ പിഎസ്സി വഴിയോ , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ നടത്തണമെന്ന നിബന്ധന കാറ്റില്‍ പറത്തിക്കൊണ്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കണ്‍സള്‍ട്ടന്‍സികളിലൂടെ നിയമിക്കുന്നത്.
ഇതുമൂലം സമാന്തര സമ്പദ്ഘടന കേരളത്തില്‍ കെട്ടിപ്പടുത്ത് അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സ്വന്തം വരുതിയില്‍ കൊണ്ടുവരുവാന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സാധിച്ചു. സ്പ്രിംഗ്ളര്‍ , കെപിഎംജി, ടെറാനസ് , പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ , എയ്ഡ്കോം , തുടങ്ങി ഒട്ടനവധി വിദേശ കമ്പനികള്‍ ഇപ്പോള്‍ സിപിഎമ്മിന്റെ തണലില്‍ കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.
കിറ്റ്കോ, കേപ് തുടങ്ങിയ നല്ല കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നാട്ടിലുള്ളപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി വിദേശ സ്ഥാപനങ്ങള്‍ക്ക് നമ്മുടെ വികസനമേഖല തീറെഴുതികൊടുക്കുന്നത്.മറ്റു സംസ്ഥാനങ്ങളിലെ വിവിധ പ്രോജെക്റ്റുകള്‍ക്ക് കണ്‍സള്‍ട്ടന്‍സിയായി കിറ്റ്കോയെ നിയമിക്കാറുണ്ട്. ഓരോ മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞെത്തുന്നത് പല കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സി കരാറുമായിട്ടാണ്. കേരളത്തിലെ കഴിവുള്ള മാനേജ്മെന്റ് വിദഗ്ധര്‍ ധാരാളമുണ്ട്. അവരുടെ പ്രതിഭയെ അംഗീകരിക്കാനും തദ്ദേശീയമായ കണ്‍സള്‍ട്ടന്‍സി സംവിധാനം കെട്ടിപ്പടുക്കുവാനും ഈ വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: