തൃശൂര്‍: ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം വിയ്യൂര്‍ ജയിലില്‍ ഇനി പുതിയൊരു സംരഭം കൂടി. വിയ്യൂര്‍ ജയിലിന് സമീപത്ത് നിന്നും ഇനി ഇന്ധനവും നിറക്കാനാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും ചേര്‍ന്നാണ് പെട്രോള്‍ പമ്പൊരുക്കുന്നത്. ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന് എന്നാണ് പെട്രോള്‍ പമ്പിന് നല്‍കിയിട്ടുള്ള പേര്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് തൃശൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ പാടൂക്കാട് ദീപ തിയ്യറ്ററിന് എതിര്‍വശത്ത് 30 സെന്റ് സ്ഥലത്താണ് പെട്രോള്‍ പമ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പമ്പില്‍ ജോലി ചെയ്യുന്ന തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്കി. വൈകാതെ തന്നെ പ്രകൃതിവാതകവും (സിഎന്‍ജി ) ലഭ്യമാക്കും. ഉദ്ഘാടന ദിവസം മുതല്‍ തന്നെ പമ്പ് പ്രവര്‍ത്തിച്ചു തുടങ്ങും. രാവിലെ ആറു മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തനസമയമെന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് നിര്മ്മലാന്ദന് നായര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്ത് നാല് പെട്രോള്‍ പമ്പുകളാണ് ആരംഭിക്കുന്നത്.
വിയ്യൂരിന് പുറമെ തിരുവനന്തപുരം,കണ്ണൂര്‍, ചിമേനി എന്നിവിടങ്ങളിലാണ് മറ്റ് പെട്രോള്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.പെട്രോള്‍ പമ്പ് നടത്തിപ്പ് ലാഭകരമാണെങ്കില്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യപിപ്പിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം 30ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: