വെള്ളരിക്കുണ്ട്: ബളാല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലെ മിക്കവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വെള്ളരിക്കുണ്ട് ടൗണ്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം പിന്‍വലിക്കുന്നതായി വെള്ളരിക്കുണ്ട് സിഐ കെ.പ്രേംസദന് അറിയിച്ചു. ഓട്ടോ, ടാക്സി എന്നിവയ്ക്ക് നമ്പര്‍ കോഡ് പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണവും പുതിയ തീരുമാന പ്രകാരം പഴയതു പോലെ ആകും. നിയന്ത്രണം പിന്‍വലിച്ചെന്ന് കരുതി ആളുകള്‍ അനാവശ്യമായി ടൗണില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ ടൗണിനെ ആശ്രയിക്കാവുവെന്നും വാഹനങ്ങളില്‍ തിങ്ങി നിറഞ്ഞുള്ള യാത്ര ഒഴിവാക്കണമെന്നും സി. ഐ. പറഞ്ഞു.
വെള്ളരിക്കുണ്ട് സ്റ്റേഷന് പരിധികളിലെ വ്യാപാര സ്ഥാപങ്ങളിലെത്തുന്നവര് കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും അത് ഉറപ്പ് വരുത്തേണ്ടത് കട ഉടമകളാണെന്നും എത്തുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുവാന് പാടില്ല പൊതുജനങ്ങള്‍ പോലീസിനോടും ആരോഗ്യ വകുപ്പിനോടും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് വെള്ളരിക്കുണ്ട് സി. ഐ. അറിയിച്ചു.
ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ ആളുകളെ കയറ്റി യാത്ര ചെയ്യുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ചില ഡ്രൈവര്‍മാര്‍ മാസ്ക് ധരിക്കാതെ വളരെ ലാഘവത്തോടെ സര്‍വീസ് നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കുമെന്നും സി.ഐ. അറിയിച്ചു.
കോവിഡ് 19 ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥന് പരിശോധനക്കെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയതിനാല്‍ അടച്ചു പൂട്ടിയ വെള്ളരിക്കുണ്ട് ബീവറേജ് തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും. കണ്ടയ്മെന്റു സോണിലെ നിയന്ത്രണം പഴയത് പോലെ തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: