മുഹമ്മ: മുഹമ്മ- കുമരകം ബോട്ടു ദുരന്തവാര്‍ഷികത്തിന് ഒന്നരവ്യാഴവട്ടം. 2002 ജൂലൈ 27നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 29 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ദയാവധം കാത്ത് കിടന്ന എ53 എന്ന പഴകിയ ബോട്ടാണ് അപകടം വരുത്തിയത്. പുലര്‍ച്ചെ 5.45ന് മുഹമ്മ ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 6.20ന് തിട്ടയിലിടിച്ച് മുങ്ങിത്താഴുകയായിരുന്നു മുഹമ്മ,പുത്തനങ്ങാടി, മാരാരിക്കുളം, മണ്ണഞ്ചേരി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും എത്തിയ സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിനിരയായത്.
ഇതില്‍ പിഎസ്സി പരീക്ഷ എഴുതാന്‍ പോയവരും ഉള്‍പ്പെടും.സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പലതും പാലിക്കപ്പെട്ടില്ല. ഒന്നര ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്കി തടിയൂരി. 91 ലക്ഷം രൂപ നല്‍കണമെന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന് വിധിയുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല മരിച്ചവരുടെ ഓര്‍മ്മ പുതുക്കാന്‍ അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറ മുള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പലരും അനുസ്മരണ ചടങ്ങുകള്‍ ഒഴിവാക്കി. 18 വര്‍ഷമായി ബോട്ട് പാസഞ്ചേഴ് അസോസിയേഷന് കായലില്‍ അപകടം നടന്ന സ്ഥലത്ത് നടത്താറുള്ള പുഷ്പാര്‍ച്ചനയും സര്‍വീസ് നിര്‍ത്തിയതിനാല്‍ ഇത്തവണ ഉണ്ടാകില്ല.
എന്നാല്‍ അരങ്ങ് സോഷ്യല്‍ ഫോറം കായല്‍ കരയില്‍ കൊറോണ നിബന്ധനകള്‍ പാലിച്ച് അനുസ്മരണ ദീപം തെളിയിക്കും. അടുത്തിടെ കായലില്‍ ആറോളം അപകടങ്ങള്‍ ഉണ്ടായി.രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജായ്ക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തി പ്രാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: