കൊല്ലം: കാര്‍ഡ് ഉടമകളെയും വിതരണക്കാരെയും ഒരുപോലെ വിഷമത്തിലാക്കി റേഷന്‍ കടകളിലെ നെറ്റ് വര്‍ക്ക് തകരാര്‍ തുടരുന്നു. ഇതുമൂലം ആള്കാര്ക്ക് ഒരുമണിക്കൂറിലധികം കടയില്‍ ചെലഴിക്കേണ്ടിവരുന്നു. ആളുകള്‍ കൂട്ടംകൂടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു കാര്യങ്ങള്‍.
ഒന്നര ആഴ്ചയായിട്ടും പരിഹാരം അകലെയാണ്. ഇതുമൂലം ഉണ്ടാകുന്ന തടസ്സം കാരണം കടകളില്‍ തിരക്കേറുന്നു. ഒരാള്‍ക്ക് പലതവണ ഇ പോസ് യന്ത്രത്തില്‍ വിരല്‍ അമര്ത്തേണ്ടിവരുന്നു. പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ ബില്ല് അടിച്ച് വിതരണം നടത്താന്‍ കഴിയുന്നില്ല. കടകളില്‍ തിരക്ക് കൂടിയതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം താറുമാറായി. കേന്ദ്ര റേഷന്‍ വിതരണം കൂടി തുടങ്ങിയതോടെ കടകളില്‍ തിരക്കാണ്.
കാര്‍ഡ് ഉടമകള്‍ ഏറെനേരം കടയില്‍ കാത്തുനില്ക്കുന്നതു കാരണം സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. ഇത് വിതരണക്കാരുടെയും കാര്‍ഡ് ഉടകളുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്നു. റേഷന്‍ വസ്തുക്കള്‍ വാങ്ങാനെത്തിയാല്‍ കൈവിരല്‍ യന്ത്രത്തില്‍ അമര്‍ത്തിയമര്‍ത്തി മടുക്കും. ബില്‍ വരെ എത്തുമ്പോഴാകും ശരിയായില്ല എന്ന് കടയുടമ പറയുന്നത്. കടയുടമയുമായി തര്‍ക്കത്തിന് ഇത് ഇടയാക്കുന്നു.
റേഷന്‍ കടകളില്‍ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണോ വിതരണം നടത്തുന്നതെന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ഓരോ കടയിലും ഒരു മണിക്കൂര്‍ വീതം നിരീക്ഷിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമതയും ഇതോടൊപ്പം പരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ചുള്ള പരിശോധന പരിശോധന നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: