തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ക്കും കേന്ദ്ര മാനവവിഭവ മന്ത്രിയ്ക്കും പരാതി നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിഎ പാഠ പുസ്തകത്തിലെ ”കം സെപ്തംബര്‍’ എന്ന ലേഖനം ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ ഭാഗം പാഠപുസ്തകത്തില്‍ നിന്നും നീക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
ലേഖനത്തിന്റെ ദേശവിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടി സുരേന്ദ്രന് രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാര്‍ഗിലില്‍ ഇന്ത്യ യുദ്ധം ചെയ്തെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്റെ ലക്ഷ്യം കാമ്പസുകളെ മതത്തിന്റെ പേരില്‍ വിഭജിക്കലാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: