കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം മൂലം സ്ഥിതിഗതികള്‍ രൂക്ഷമായ കുമ്പളയില്‍ ഒരു എ.എസ്.ഐക്കും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുമ്പള പോലീസ് സ്റ്റേഷനിലെ പയ്യന്നൂര്‍ കോത്തായിമുക്ക് സ്വദേശിയായ എ.എസ്.ഐക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
പാടിയോട്ടുചാല്‍ സ്വദേശിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് എ.എസ്.ഐക്ക് രോഗബാധയുണ്ടായത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എസ്.ഐമാരും രണ്ട് എ.എസ്.ഐമാരും അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുമുള്‍പ്പെടെ 22 പോലീസുദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരടക്കം സ്റ്റേഷനിലെ മുപ്പതിലേറെ പോലീസുദ്യോഗസ്ഥരെ ഇന്നലെ റാപ്പിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയരായി.
മദ്യക്കടത്ത് കേസിലെ പ്രതിയെ ആരോഗ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പാടിയോട്ടുചാല്‍ സ്വദേശിയായ സീനിയര്‍ സിവില്‍ ഓഫീസര്‍ സ്രവം പരിശോധനക്ക് നല്‍കിയത്. പരിശോധനാഫലം കോവിഡ് പോസിറ്റീവാകുകയും ചെയ്തു. ഈ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം കാറില്‍ ഡ്യൂട്ടിക്കെത്തുകയും മടങ്ങുകയും ചെയ്യാറുള്ള എ.എസ്.ഐക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കുമ്പള പോലീസ് സ്റ്റേഷനിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ ആയതിനാല്‍ നാമമാത്രമായ പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. ദിവസവും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന കുമ്പളയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വിഘാതമാകുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: