മുട്ടം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച മുട്ടം പോലീസ് സ്റ്റേഷൻ ആഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിലവിലുള്ള പഴയ കെട്ടിടം നിലനിർത്തി ഇതിന്റെ പുറകിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നുള്ള 85 ലക്ഷം രൂപ മുടക്കിയാണ് 3500 സ്ക്വയർ ഫീറ്റിലുള്ള ഇരുനിലകെട്ടിടം നിർമ്മിച്ചിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാൻ അനുസരിച്ച് സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള(സിൽക്) ക്കാണ് ഇതിന്റെ നിർമ്മാണ ചുമതല. സിൽക്ക് ഉപകരാർ നൽകിയിരിക്കുന്ന എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് മന്ദിരം നിർമിച്ചത്. 2019 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിലങ്ങു തടിയായി. ഇതേ തുടർന്ന് ഏതാനും മാസങ്ങൾ നിർമ്മാണം സ്തംഭിച്ചിരുന്നു.
68 സെൻ്റ് സ്ഥലമാണ് മുട്ടം പോലീസ് സ്റ്റേഷനുള്ളത്. കാഞ്ഞാർ സ്റ്റേഷന് കീഴിൽ ഔട്ട് പോസ്റ്റായി പ്രവർത്തിച്ച് വരവേ 2016 ലാണ് പോലീസ് സ്റ്റേഷനായി ഉയർത്തിയത്. സി ഐ, എസ് ഐ, വനിതകൾ ഉൾപ്പെടെ 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടുത്തെ സ്ഥലപരിമിതി ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും ഏറെ പ്രശ്നങ്ങളായിരുന്നു. യൂണിഫോം മാറുവാനും വിശ്രമിക്കാനും സമീപത്തെ മുറികൾ വാടകയ്ക്ക് എടുത്താണ് പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. പുതിയ കെട്ടിടത്തിന്റെ വരവോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ജില്ലയിൽ ഉടുമ്പൻചോലയിലെയും കുളമാവിലെയും പോലീസ് സ്റ്റേഷനുകളുടെ നിർമാണവും സിൽക്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഒരു കോടി രൂപ വീതമാണ് ഇതിന്റെ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.
പുതിയ സ്റ്റേഷനിലെ സൗകര്യങ്ങൾ
ഫ്രണ്ട് ഓഫീസ്, ക്രൈം – ലോ ആൻഡ് ഓർഡർ വിങ്, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള റൂം, ആംസ് റൂം, ഉദ്യോഗസ്ഥർക്കുള്ള ഔദ്യോഗിക റൂം, വിശ്രമസ്ഥലം, റെക്കോഡ് ഫയൽ റൂം, പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക ലോക്കപ്പുകൾ, തൊണ്ടി മുതൽ സൂക്ഷിക്കാനുള്ള റൂം, കൺട്രോൾ റൂം, ജീവനക്കാർക്ക് പാചക മുറി, എട്ടോളം ശുചിമുറികളും എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: